അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ജീവന് പൊലിഞ്ഞ ബി.ജെ. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കുമുള്ള ഡോ. ഷംഷീര്‍ വയലിന്റെ ആറ് കോടി രൂപയുടെ സഹായ പാക്കേജ് കൈമാറി. ക്യാംപസില്‍ നടന്ന ലളിതമായ ചടങ്ങില്‍ മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. മീനാക്ഷി പരീഖ്, ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് എസ്. ജോഷി, ജൂനിയര്‍ ഡോക്ടേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ദുരന്തത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കിയത്. എയര്‍ ഇന്ത്യ ദുരന്തം ആഘാതമേല്‍പ്പിച്ചവര്‍ക്ക് ലഭിക്കുന്ന ആദ്യ സാമ്പത്തിക സഹായമാണ് വിപിഎസ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീറിന്റേത്.ദുരന്തത്തില്‍ ജീവന് നഷ്ടപെട്ട നാല് യുവ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി.അപകടത്തില്‍ ഉറ്റവരെ നഷ്ടമായ ഡോക്ടര്‍മാര്‍ക്കും സഹായം നല്കി. മരിച്ച ഓരോ ബന്ധുവിനും 25 ലക്ഷം രൂപ വീതമാണ് നല്‍കിയത്.പൊള്ളല്‍, ഒടിവ്, ആന്തരികാഘാതം എന്നിവ മൂലം അഞ്ചോ അതിലധികമോ ദിവസങ്ങള്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്ന 14 പേര്‍ക്ക് 3.5 ലക്ഷം രൂപയുടെ സഹായവും നല്കി. ഡീനുമായുള്ള കൂടിയാലോചനക്ക് ശേഷം ജൂനിയര്‍ ഡോക്ടര്‍സ് അസോസിയേഷന് നിര്‍ദേശിച്ചവര്‍ക്കാണ് ഇത് നല്‍കിയത്.

