തിരുവനന്തപുരം: ബി.ജെ.പി കൗൺസിലർ അനിൽ കുമാർ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. അദ്ദേഹം പ്രസിഡന്റായിരുന്ന ഫാം ടൂർ സൊസൈറ്റിയിൽ ക്രമക്കേടുണ്ടെന്നാണ് അസിസ്റ്റന്റ് രജിസ്ട്രാർ കണ്ടെത്തിയത്. സൊസൈറ്റിയിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നുവെന്നും സഹകരണ വകുപ്പ് അറിയിച്ചു.
സർക്കാർ ചട്ടങ്ങൾക്ക് വിരുദ്ധമായി നിക്ഷേപകർക്ക് പലിശ നൽകിയെന്നാണ് റിപ്പോർട്ടിലുള്ളത്. ഭീമമായ തുകയാണ് സൊസൈറ്റിയ്ക്ക് നഷ്ടമായത്. അനിൽ കുമാറിന്റെ മരണത്തിൽ പൂജപ്പുര പൊലീസാണ് നിലവിൽ അന്വേഷണം നടത്തുന്നത്. ഡിവൈ.എസ്.പി തലത്തിൽ അന്വേഷണമുണ്ടായേക്കും.
അനിൽ കുമാറിന്റെ ചില സുഹൃത്തുക്കളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. സൊസൈറ്റിലെ സാമ്പത്തിക ബാദ്ധ്യത കാരണം അനിൽ കടുത്ത മാനസിക പ്രയാസത്തിലായിരുന്നെന്നും ഭക്ഷണം പോലും പലപ്പോഴും കഴിച്ചിരുന്നില്ലെന്നുമാണ് അദ്ദേഹത്തോട് അടുത്തവൃത്തങ്ങൾ പറയുന്നത്. അനിലിന്റെ ഫോൺ കോൾ വിശദാംശങ്ങളടക്കം പരിശോധിച്ചിട്ടുണ്ട്.

