ഡോ. പി. വി. ചെറിയാൻ അനുസ്മരണയോഗം

ഡോ. പി. വി. ചെറിയാൻ അനുസ്മരണയോഗം


ബഹ്‌റിനിലെ പ്രവാസി സമൂഹത്തിന് താങ്ങും തണലുമായി നാല് പതിറ്റാണ്ടിലധികം പ്രവർത്തിച്ചിരുന്ന ഡോക്ടർ ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ ബഹ്‌റൈൻ കേരളീയ സമാജവും കാൻസർ കെയർ ഗ്രൂപ്പഉം സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണയോഗത്തിൽ ബഹ്‌റിനിലെ പ്രവാസി സമൂഹം ഒന്നടങ്കം അഗാധമായ ദുഃഖം രേഖപ്പെടുത്തി.

സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ബഹ്‌റൈൻ കാൻസർ സൊസൈറ്റി പ്രസിഡണ്ട് ഡോ. അബ്ദുൾറഹ്മാൻ ഫക്രൂ, പ്രമുഖ ഡോക്ടർമാരായ ഡോ. അമൃജിത്ത് കൗർ സന്തു, ഡോ. പ്രഭുൽ വൈദ്യ, സാമൂഹിക പ്രവർത്തക ഫാത്തിമ അൽ മൻസൂറി, നരേന്ദ്രനാഥ് കപൂർ, ഡോ. ആശ (ആസ്റ്റർ മെഡിക്കൽസ്), കെ. ടി. സലിം, സോമൻ ബേബി, വിവിധ സംഘടനാ നേതാക്കൾ, സമാജം മുതിർന്ന അങ്ങങ്ങൾ എന്നിവർ ഡോ. ചെറിയാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.അനുസ്മരണ പ്രഭാഷണങ്ങളിൽ ഡോ. ചെറിയാന്റെ സാമൂഹിക പ്രതിബദ്ധതയും, നാല് പതിറ്റാണ്ടിലേറെ നീണ്ട ആതുരസേവനവും, ജീവകാരുണ്യ പ്രവർത്തനങ്ങളും അനുസ്മരിച്ചു. ഏത് സമയത്തും ആർക്കും ആശ്രയിക്കാവുന്ന അപൂർവ വ്യക്തിത്വമായിരുന്നു അദ്ദേഹം എന്നും, സമൂഹത്തിലെ താഴേക്കിടയിൽ ജീവിക്കുന്നവരെയും സാധാരണക്കാരെയും കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രവർത്തനങ്ങളെന്നും എല്ലാവരും അഭിപ്രായപ്പെട്ടു.

മനുഷ്യത്വത്തിന്റെയും സേവനസന്നദ്ധതയുടെയും പ്രതിരൂപമായിരുന്ന ഡോ. പി. വി. ചെറിയാന്റെ ജീവിതവും പ്രവർത്തനങ്ങളും സാമൂഹിക പ്രവർത്തകർക്കും പുതുതലമുറയ്ക്കും എന്നും മാതൃകയായി നിലനിൽക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു.

Leave A Comment