ബഹ്റൈൻ* കേരള സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ‘ശ്രാവണം 2026’-ന് പ്രൗഢഗംഭീരമായ തുടക്കമായി. ജൂലൈ 31-ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവരുടെ നേതൃത്വത്തിൽ കൊടിയേറ്റം നടന്നു.സമാജം മുതിർന്ന അംഗം സീ പീ വർഗീസ്, പ്രയോജകരായ, സുരേഷ് (സിഞ്ച് എക്സ്ചേഞ്ച് ജനറൽ മാനേജർ), സിയാദ്, (സി.ഇ.ഒ ഷിഫാ ഹോസ്പിറ്റലിൽഗ്രൂപ്പ്), . ഇളങ്കോ ( ജനറൽ മാനേജർ, കെല്ലർ) ഗോപികൃഷ്‌ണൻ ( ജനറൽ മാനേജർ, നാസ് ഇലക്ടിക്കൽ), റഹീം വാവക്കുഞ്ഞ്. തുടങ്ങിയവരും കമ്മിറ്റി ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.തുടർന്ന് സോപാനം വാദ്യകലാസംഘത്തിന്റെ പാണ്ടിമേളവും, ബി.കെ.എസ്. മ്യൂസിക് ക്ലബ്ബിന്റെ സംഘഗാനവും അരങ്ങേറി. ഇതോടൊപ്പം ശ്രാവണം 2026 കമ്മിറ്റി ഓഫീസിന്റെയും ഉദ്ഘാടനം നടന്നു.രണ്ടുമാസത്തിലേറെ നീളുന്ന ആഘോഷപരമ്പരയിൽ കേരളത്തിൽ നിന്നുള്ള അൻപതിലധികം പ്രമുഖ കലാകാരന്മാരും സമാജത്തിലെ അഞ്ഞൂറിലധികം പ്രാദേശിക കലാപ്രവർത്തകരും അണിനിരക്കും. കെ.എസ്. ചിത്ര, വൈക്കം വിജയലക്ഷ്മി, പന്തളം ബാലൻ, കുമാരി ഗംഗ ശശിധരൻ തുടങ്ങിയവർ വിവിധ പരിപാടികളിൽ പങ്കെടുക്കും.നൂറിലധികം വനിതകൾ അവതരിപ്പിക്കുന്ന മെഗാ തിരുവാതിരയും നൂറിലധികം കലാകാരന്മാർ അണിനിരക്കുന്ന ചരടുപിന്നിക്കളിയും പ്രധാന ആകർഷണങ്ങളായിരിക്കും. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വടംവലി, കബഡി, പൂക്കള മത്സരം, തിരുവാതിര മത്സരം, ഫ്ലാഷ് മോബ്, പായസ മത്സരം, സിനിമാറ്റിക് ഡാൻസ്, ഓണപ്പാട്ട് തുടങ്ങി വിവിധ മത്സരങ്ങളും നടക്കും.ബി.കെ.എസ്. മ്യൂസിക് ക്ലബ്ബിന്റെ ‘ഹൃദയാഞ്ജലി’ (എസ്.പി.ബി.–എസ്. ജാനകി ട്രിബ്യൂട്ട്), ടീം സിത്താർ അവതരിപ്പിക്കുന്ന ഓർക്കസ്ട്ര, കുമാരി ഗംഗ ശശിധരന്റെ വയലിൻ കച്ചേരി, മാസ്റ്റർ നീൽഗ്രീവിന്റെ വീണക്കച്ചേരി, ആരവം മരം ബാൻഡിന്റെ നാടൻപാട്ടുകൾ, വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന സംഗീതവിരുന്ന് എന്നിവയും ആഘോഷങ്ങളുടെ ഭാഗമാകും.സെപ്റ്റംബർ 4-ന് അവതാരകൻ രാജ് കലേഷ് മുഖ്യാതിഥിയായെത്തുന്ന ‘രുചിമേള’, സെപ്റ്റംബർ 24-ന് മെറിൻ ഗ്രിഗറി, ദിഷ പ്രകാശ്, ഗോകുൽ , അർജുൻ എന്നിവർ പങ്കെടുക്കുന്ന മ്യൂസിക്കൽ നൈറ്റ്, സെപ്റ്റംബർ 25-ന് കെ.എസ്. ചിത്ര, നിഷാദ്, അനാമിക, വേദമിത്ര എന്നിവർ അവതരിപ്പിക്കുന്ന ‘ചിത്രാഞ്ജലി’ സംഗീതവിരുന്ന് എന്നിവയും നടക്കും.ആഘോഷങ്ങൾക്ക് സമാപനമായി ഒക്ടോബർ 2-ന് പ്രശസ്ത പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ അയ്യായിരം പേർക്കായി വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കും.ഹരികൃഷ്ണൻ ബി. നായർ കൺവീനറായ 200 അംഗ ഓണാഘോഷ കമ്മിറ്റിയാണ് പരിപാടികളുടെ ഏകോപനം നിർവഹിക്കുന്നത്.ശ്രാവണം 2026-ന്റെ എല്ലാ പരിപാടികളിലേക്കും സമാജം അംഗങ്ങളെയും ബഹ്റൈനിലെ മുഴുവൻ മലയാളി പ്രവാസികളെയും കുടുംബസമേതം പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
