‘ഫ്ലൈ 91 എയർലൈൻസ്’; ഇന്ത്യയിൽ പുതിയ വിമാനക്കമ്പനി വരുന്നു, അമരത്ത് മലയാളി

  • Home-FINAL
  • Business & Strategy
  • ‘ഫ്ലൈ 91 എയർലൈൻസ്’; ഇന്ത്യയിൽ പുതിയ വിമാനക്കമ്പനി വരുന്നു, അമരത്ത് മലയാളി

‘ഫ്ലൈ 91 എയർലൈൻസ്’; ഇന്ത്യയിൽ പുതിയ വിമാനക്കമ്പനി വരുന്നു, അമരത്ത് മലയാളി


ന്യൂഡൽഹി: രാജ്യത്ത് പുതിയൊരു വിമാനക്കമ്പനി കൂടി വരുന്നു. ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രാദേശിക എയർലൈൻ സ്റ്റാർട്ടപ്പ് കമ്പനിയായ ‘ഫ്‌ളൈ91’ fly 91 എയർലൈൻസിന് കേന്ദ്ര വ്യോമയാന മന്ത്രാലയം അംഗീകാരം നൽകി.തൃശൂർ സ്വദേശിയും വ്യോമയാന രംഗത്ത് 30 വർഷത്തെ പരിചയസമ്പത്തുമുള്ള മനോജ് ചാക്കോയാണ് കമ്പനിയുടെ അമരക്കാരൻ. കിങ് ഫിഷർ എയർലൈൻസിൻറെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു മനോജ്. ഈവർഷം ഓക്ടോബറിന് ശേഷം സർവീസ് ആരംഭിക്കാനാണ് കമ്പനി തയാറെടുക്കുന്നത്. വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ (ഡിജിസിഎ) എയർ ഓപ്പറേറ്റർ പെർമിറ്റാണ് ഇനി ലഭിക്കാനുള്ളത്. ‘എടിആർ 72’ വിമാനങ്ങളിലായിരിക്കും ഫ്ലൈ 91 എയർലൈൻസ് പറക്കുക. 70 യാത്രക്കാരെ വഹിക്കാവുന്ന വിമാനമാണിത്. അടുത്ത 5 വർഷത്തേക്ക് പ്രതിവർഷം 6 എടിആർ വിമാനങ്ങൾ വീതം പാട്ടത്തിനെടുക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ടെലിഫോൺ കോഡ് സൂചിപ്പിച്ചുകൊണ്ടാണ് കമ്പനിയുടെ പേരിൽ 91 എന്ന് ചേർത്തത്. ചെറു പട്ടണങ്ങളെ ആകാശമാർഗം ബന്ധിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുകയാണ് ഫ്‌ളൈ91 കമ്പനിയുടെ ലക്ഷ്യം. ഫെയർഫാക്‌സിന്റെ ഇന്ത്യാ വിഭാഗം മുൻ മേധാവിയായിരുന്ന ഹർഷ രാഘവനുമായി ചേർന്ന് മനോജ് ചാക്കോ സ്ഥാപിച്ച ഉഡോ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന് കീഴിലാണ് ഫ്‌ളൈ91 പ്രവർത്തിക്കുക. ഹർഷയുടെ കൺവർജന്റ് ഫിനാൻസാണ് കമ്പനിയിലെ മുഖ്യനിക്ഷേപകർ. ഗോവയിലെ മനോഹർ ഇന്റർനാഷണൽ വിമാനത്താവളം കേന്ദ്രീകരിച്ചായിരിക്കും എയർലൈൻസ് പ്രവർത്തിക്കുക. ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിലെ ചെറു വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള സർവീസാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഹൂബ്ലി, നാസിക്, ബെൽഗാം, ഷിർദ്ദി, മൈസൂർ, കോലാപൂർ, ഷോലാപൂർ തുടങ്ങിയ എയർപോർട്ടുകൾ ഇതിലുൾപ്പെടും. വൈകാതെ കേരളത്തിലേക്കും സർവീസ് ആരംഭിക്കുന്നത് പരിഗണനയിലുണ്ട്.

Leave A Comment