റിയാദ് തീപിടുത്തം: മരിച്ചവരിൽ രണ്ട് മലയാളികൾ, കൂടുതൽ വിവരങ്ങൾ

  • Home-FINAL
  • Business & Strategy
  • റിയാദ് തീപിടുത്തം: മരിച്ചവരിൽ രണ്ട് മലയാളികൾ, കൂടുതൽ വിവരങ്ങൾ

റിയാദ് തീപിടുത്തം: മരിച്ചവരിൽ രണ്ട് മലയാളികൾ, കൂടുതൽ വിവരങ്ങൾ


റിയാദ്: സഊദിയിലെ റിയാദിൽ ഉണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടവരിൽ മലയാളികൾ രണ്ട് പേർ. ഇവർ ഉൾപ്പെടെ ആറു ഇന്ത്യക്കാരാണ് ദാരുണ അപകടത്തിൽ മരണപ്പെട്ടത്. മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസഫിന്റെ മകൻ അബ്ദുൽ ഹക്കീം (31), മേൽമുറി സ്വദേശി നൂറേങ്ങൽ കവുങ്ങൽത്തൊടി വീട്ടിൽ ഇർഫാൻ ഹബീബ് (33) എന്നിവരാണ് മരിച്ച മലയാളികൾ. നേരത്തെ നാല് ആളുകൾ മലയാളികൾ ആണെന്നായിരുന്നു റിപ്പോർട്ട്.

എന്നാൽ, മലയാളികൾ രണ്ട് പേർ മാത്രമാണെന്നാണ് ഒടുവിൽ സ്ഥിരീകരിച്ചത്. മറ്റു നാല് പേരിൽ രണ്ട് തമിഴ്നാട് സ്വദേശികൾ, ഗുജറാത്ത്, മഹാരാഷ്ട്ര സ്വദേശികളായ രണ്ട് പേരുമാണ് ഉൾപ്പെട്ടത്.

ഇന്നലെ രാത്രി ഒന്നരയോടെയാണ് പെട്രോൾ പമ്പിലെ ഇവരുടെ താമസ സ്ഥലത്ത് തീപിടുത്തം ഉണ്ടായത്. ഇന്ന് രാവിലെ മൃതദേഹങ്ങൾ ശുമേസി മോർച്ചറിയിൽ എത്തിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഖാലിദിയയില്‍ പെട്രോള്‍ പമ്പിലെ താമസസ്ഥലത്തുണ്ടായ അഗ്നിബാധയിലാണ് ആറു പേര്‍ മരിച്ചത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.

പുതുതായി തൊഴിൽ വിസകളിൽ എത്തിയവരാണ് അപകടത്തിൽ പെട്ടതെന്നും ഇവരിൽ പലർക്കും ഇഖാമ പോലും ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കെഎംസിസി മലപ്പുറം ജില്ലാ വെൽഫെയർ വിംഗ് റഫീഖ് മഞ്ചേരി ഉൾപ്പെടെയുള്ള സാമൂഹ്യ പ്രവർത്തകർ മറ്റു കാര്യങ്ങൾക്കായി രംഗത്തുണ്ട്.

Leave A Comment