പ്രവാസികൾക്ക് ലോകത്ത് എവിടെ നിന്നും ഇനി ഈ സേവനങ്ങൾ ഓൺലൈൻ വഴി പൂർത്തിയാക്കാം ‘പ്രവാസി മിത്രം’ പോർട്ടൽ മെയ് 17ന് സജ്ജമാകും

  • Home-FINAL
  • Business & Strategy
  • പ്രവാസികൾക്ക് ലോകത്ത് എവിടെ നിന്നും ഇനി ഈ സേവനങ്ങൾ ഓൺലൈൻ വഴി പൂർത്തിയാക്കാം ‘പ്രവാസി മിത്രം’ പോർട്ടൽ മെയ് 17ന് സജ്ജമാകും

പ്രവാസികൾക്ക് ലോകത്ത് എവിടെ നിന്നും ഇനി ഈ സേവനങ്ങൾ ഓൺലൈൻ വഴി പൂർത്തിയാക്കാം ‘പ്രവാസി മിത്രം’ പോർട്ടൽ മെയ് 17ന് സജ്ജമാകും


കേരളത്തിലെ റവന്യു, സർവേ സേവനങ്ങൾ പൂർത്തിയാക്കാവുന്ന ‘പ്രവാസി മിത്രം’ പോർട്ടൽ 17 നു വൈകിട്ട് 4.30 നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വർഷങ്ങളുടെ ഇടവേളകളിൽ ഏതാനും അവധിക്ക് കേരളത്തിൽ എത്തുന്നവർക്ക് റവന്യു ഓഫിസുകളിൽ സമർപ്പിച്ച അപേക്ഷകളുടെ തുടർനടപടികൾ ഇനി വെബ്സൈറ്റ് വഴി യഥാസമയം അറിയാമെന്നതാണ് നേട്ടം.

ചുവപ്പുനാടയിൽ കുരുങ്ങാതെ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനും ഇതു സഹായകമാകുമെന്നാണ് വിലയിരുത്തൽ. പ്രവാസികളുടെ ദീർഘനാളത്തെ ആവശ്യം എത്രയും വേഗം യാഥാർഥ്യമാക്കുമെന്ന് റവന്യു മന്ത്രി കെ.രാജൻ നേരത്തെ വ്യക്തമാക്കിയിരുന്നു. നാട്ടിലെ വസ്തു സംബന്ധമായ പോക്കുവരവ്, വിവിധ രേഖകൾ, മക്കളുടെ ഉന്നത പഠനത്തിന് ആവശ്യമായ സർട്ടിഫിക്കറ്റുകൾ എന്നിവയ്ക്ക് വില്ലേജ് ഓഫിസ്, താലൂക്ക് ഓഫിസ് എന്നിവിടങ്ങളിൽ നൽകിയ അപേക്ഷകളുടെ തുടർനടപടികളും ഇതുവഴി അറിയാം.

പ്രവാസികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അതതു വകുപ്പുകളുടെ സഹകരണത്തോടെ പരിഹരിച്ചുവരികയാണെന്നും ഒടുവിലത്തെ ഉദാഹരണമാണ് പ്രവാസിമിത്രം പോർട്ടലെന്നും നോർക്ക സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി പറഞ്ഞു. പോർട്ടലിലൂടെ ലഭിക്കുന്ന പരാതികളും അപേക്ഷകളും കൈകാര്യം ചെയ്യുന്നതിനായി കലക്ടറേറ്റുകളിൽ ഡപ്യൂട്ടി കലക്ടറുടെയും ലാൻഡ് റവന്യു കമ്മിഷണറുടെ ഓഫിസിൽ അസി. കമീഷണറുടെയും നേത്വത്തിൽ പ്രവാസി സെൽ പ്രവർത്തിക്കും.

ഒരു പ്രവാസി മലയാളി ജില്ല/സംസ്ഥാന തല ഓഫിസുകളിൽ സമർപ്പിച്ച അപേക്ഷ/പരാതിയുടെ തുടർ നടപടി അറിയാൻ http://pravasimithram.kerala.gov.in എന്ന പോർട്ടലിൽ ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം. ഈ അപേക്ഷ ജില്ല/സംസ്ഥാന നോഡൽ ഓഫിസറായ ഡപ്യൂട്ടി കളക്ടർ/ അസി. കമ്മിഷണർ എന്നിവർ പരിഗണിക്കും. ബന്ധപ്പെട്ട ഓഫിസുകൾ ഇതിന്മേൽ സ്വീകരിച്ച നടപടികളുടെ വിവരങ്ങൾ ലഭ്യമാക്കി പോർട്ടലിലൂടെ അപേക്ഷകന് കൈമാറും. 2020 ജനുവരിയിലെ ലോക കേരള സഭയിൽ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിൽ ഒന്നാണ് ഇതിലൂടെ യാഥാർഥ്യമാകുന്നത്. വർഷങ്ങളുടെ ഇടവേളകളിൽ നാട്ടിൽ എത്തുന്ന പ്രവാസികൾക്ക് വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങി സമയം കളയുന്നത് ഇതിലൂടെ ഒഴിവാക്കാം.

Leave A Comment