മനാമ: പുതുതായി തിരഞ്ഞെടുത്ത സ്‌കൂൾ പ്രിഫെക്ട്‌മാരുടെ സ്ഥാനാരോഹണ ചടങ്ങ് ബുധനാഴ്ച ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് ഓഡിറ്റോറിയത്തിൽ നടന്നു. വിദ്യാർത്ഥികൾക്ക് സ്‌കൂൾ തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ള അവസരമാണ് ഇതിലൂടെ കൈവരുന്നത്. സ്‌കൂൾ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം-അക്കാദമിക്‌സ് മുഹമ്മദ് ഖുർഷിദ് ആലം, പ്രിൻസിപ്പൽ പമേല സേവ്യർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഹെഡ് ബോയ് ആൽവിൻ കുഞ്ഞിപറമ്പത്ത്, ഹെഡ് ഗേൾ മറിയം അഹമ്മദ് ഫാത്തി ഇബ്രാഹിം, അസി. ഹെഡ് ബോയ് ബ്ലെസ്വിൻ ബ്രാവിൻ, അസി. ഹെഡ് ഗേൾ സ്വാതി ചവറട്ടിൽ സിജേഷ്, ഇക്കോ മോണിറ്റർ വത്തീൻ ഖാലിദ് എസ് അൽഹർബി എന്നിവരുടെ നേതൃത്വത്തിൽ കൊച്ചു വിദ്യാർത്ഥി നേതാക്കൾ സ്ഥാനമേറ്റു.
ദേശീയ ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് വിശുദ്ധ ഖുർആൻ പാരായണം, സ്കൂൾ ഗാനം, ദീപം തെളിക്കൽ എന്നിവ നടന്നു. പ്രിൻസിപ്പൽ പമേല സേവ്യർ സ്വാഗതം പറഞ്ഞു. വിദ്യാർത്ഥികൾക്ക് സ്‌കൂൾ നൽകുന്ന ചുമതലകൾ ഏറ്റെടുക്കാനും അവരുടെ നേതൃപാടവം, ആശയവിനിമയം എന്നിവ ഉപയോഗിച്ച് സ്‌കൂളിനെ പുതിയ ഉയരങ്ങളിലെത്തിക്കാനുമുള്ള അവസരമാണ് ഇതെന്ന് പ്രിൻസിപ്പൽ പറഞ്ഞു.
സ്കൂളിന്റെ എല്ലാ തലങ്ങളിലും പ്രധാന നേതൃത്വഗുണങ്ങൾ പഠിക്കാനും മെച്ചപ്പെടുത്താനും വിദ്യാർത്ഥികൾക്ക് കഴിയുമെന്ന് ഇസി അംഗം മുഹമ്മദ് ഖുർഷിദ് ആലം തന്റെ അനുമോദന പ്രസംഗത്തിൽ പറഞ്ഞു. വിശിഷ്ടാതിഥി, പ്രിൻസിപ്പൽ, പ്രധാന അധ്യാപകർ, കോ-ഓർഡിനേറ്റർ എന്നിവർ എല്ലാ സ്റ്റുഡന്റ്സ് കൗൺസിൽ അംഗങ്ങൾക്ക് ബാഡ്ജുകൾ നൽകി.
പുതുതായി നിയമിതരായ സ്റ്റുഡന്റ്സ് കൗൺസിൽ അംഗങ്ങൾക്ക് പ്രിൻസിപ്പൽ സത്യവാചകം ചൊല്ലിക്കൊടുത്തു. സ്റ്റുഡന്റ് കൗൺസിൽ അംഗങ്ങൾ നിർദ്ദേശിച്ചതുപോലെ, ഓരോ ക്‌ളാസ് റൂമിലും ഒരു ലൈബ്രറി എന്ന ഉദ്യമത്തിനു തുടക്കം കുറിച്ചു. ഹെഡ് ബോയ്, ഹെഡ് ഗേൾ എന്നിവർ നന്ദി രേഖപ്പെടുത്തി.
സ്‌കൂളുകളിലെ നല്ല നേതൃത്വം അധ്യാപകർക്ക് പ്രചോദനവും പഠിതാക്കൾക്ക് ഉയർന്ന പഠന അനുഭവവും വളർത്തിയെടുക്കാൻ സഹായിക്കുമെന്ന് ചെയർമാൻ പ്രിൻസ് എസ് നടരാജൻ സന്ദേശത്തിൽ പറഞ്ഞു.പ്രിഫെക്ടോറിയൽ കൗൺസിലുകൾ വിദ്യാർത്ഥികൾക്ക് നേതൃസ്ഥാനം വഹിക്കാനുള്ള മികച്ച മാർഗമാണെന്ന് സെക്രട്ടറി സജി ആന്റണി പറഞ്ഞു.