കണ്ണൂര്‍: കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീയിട്ട സംഭവത്തില്‍ ദുരൂഹത അകറ്റാനും യഥാര്‍ത്ഥ പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ പരസ്യമാക്കാനും പോലീസ് തയ്യാറാവണമെന്ന് എസ് ഡി പി ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
‘ട്രെയിന്‍ കത്തിനശിച്ച വിവരം പുറത്തറിഞ്ഞതിനു പിന്നാലെ നിരവധി പേരാണ് വിദ്വേഷപ്രചാരണം നടത്തിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഒരു സമുദായത്തെ ലക്ഷ്യമിട്ടാണ് പരസ്യമായി പ്രസ്താവനകള്‍ പുറപ്പെടുവിച്ചത്. ഇത്തരം വിദ്വേഷ പ്രചാരകര്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലിസ് തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.
“എലത്തൂരില്‍ തീയിട്ട അതേ ട്രെയിനിന് തന്നെ കണ്ണൂരില്‍ തീവയ്പുണ്ടായി എന്നത് സുരക്ഷാ പാളിച്ചയാണ് വ്യക്തമാക്കുന്നത്. റെയില്‍വേ പോലിസിനും കേന്ദ്രസര്‍ക്കാരിനും ഇതില്‍നിന്ന് മാറിനില്‍ക്കാനാവില്ല. എലത്തൂര്‍ ട്രെയിന്‍ തീവയ്പ് സംഭവത്തില്‍ തന്നെ എന്‍ഐഎയുടെ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. പ്രതിയുടെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ചോ മറ്റോ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇതിനിടെയാണ് കണ്ണൂരില്‍ വീണ്ടും ട്രെയിനിന് തീയിട്ടത് എന്നത് യാത്രക്കാരെ ആശങ്കയിലാഴ്ത്തുന്നതാണെന്നും യോഗത്തിൽ വിലയിരുത്തി .
“പ്രതിയുടെ പേരുനോക്കി മാധ്യമങ്ങള്‍ അപസര്‍പ്പക കഥകള്‍ മെനയുകയാണ്. ഇത്തരം നടപടികള്‍ മാധ്യമങ്ങളിന്മേലുള്ള വിശ്വാസത തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കൂവെന്നും എസ് ഡി പി ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപെട്ടു. യോഗത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് എ ഫൈസൽ അധ്യക്ഷത വഹിച്ചു. ബഷീർ കണ്ണാടിപറമ്പ് എൻ പി ഷക്കീൽ, ആഷിക് അമീൻ തുടങ്ങിയവർ സംസാരിച്ചു