അറഫാ സംഗമം നാളെ ;ഹജ് കർമങ്ങൾക്ക് തുടക്കം.

അറഫാ സംഗമം നാളെ ;ഹജ് കർമങ്ങൾക്ക് തുടക്കം.


ഹജിന്റെ മർമപ്രധാനമായ അറഫ സംഗമം നാളെ. ഇതിനായി തൂവെള്ള വസ്ത്രധാരികളായ തീർഥാടക ലക്ഷങ്ങൾ ഇന്ന് മിനയിൽ.മിന താഴ് വരയിൽ ഒരുമിച്ച് കൂടിയ വിശ്വാസികൾ ഇന്ന് സൂര്യാസ്തമന ശേഷം അറഫ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങും. നാളെ രാത്രിവരെ പ്രാർഥനയിൽ അവർ മുഴുകും.രോഗികളായി ആശുപത്രികളിൽ കഴിയുന്ന തീർഥാടകരെ ആംബുലൻസുകളിൽ അറഫയിൽ എത്തിക്കും.

അറഫ ദിവസം ഉച്ച നിസ്കാരത്തിന് മുമ്പായി പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തെ അനുസ്മരിച്ച് ഇമാം പ്രഭാഷണം നിർവഹിക്കും. അറഫാ പ്രഭാഷണം സൗദിയിലെ മുതിർന്ന പണ്ഡിത സഭാംഗം ഷെയ്ഖ് ഡോ. യൂസുഫ് ബിൻ മുഹമ്മദ് ബിൻ സഈദ് നിർവഹിക്കും. പശ്ചാത്താപവും പ്രായശ്ചിത്തവും

പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തിന്റെ ഓർമ്മപുതുക്കി അറഫ കണ്ണീരണിയും. ഇരുപതു ലക്ഷത്തോളം പേർ ഇത്തവണ ഹജ് നിർവഹിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഒരു ലക്ഷം ചതുരശ്ര മീറ്ററിൽ അധികം വിസ്തൃതിയുള്ള നമീറ പള്ളിയും 800ചതുരശ്രമീറ്റർ വിസ്തൃതിയുള്ള അറഫ നഗരിയും  നിറഞ്ഞു കവിയും. തുടർന്ന് ളുഹർ, അസർ നമസ്കാരങ്ങൾ സംഘടിതമായി നിർവഹിക്കുന്ന ഹാജിമാർ അസ്തമനത്തിനു ശേഷം മുസ്തലിഫയിലേയ്ക്ക് രാപ്പാർക്കാൻ പോവും. ബലി പെരുന്നാൾ ദിവസം ബലി കർമവും മുടി മുറിക്കലും നടക്കും. ജംറയിലെ ആദ്യ കല്ലേറ് കർമം നടത്തുന്നതോടെ പ്രധാന ചടങ്ങുകൾ അവസാനിക്കും.

തുടർന്ന് മസ്ജിദുൽ ഹറമിൽ  എത്തുന്ന ഹാജിമാർ കഅബ പ്രദിക്ഷണത്തിനു ശേഷം സഫ, മർവ കുന്നുകൾക്കിടയിൽ സഹ് യും നിർവഹിച്ച് മിനയിലേയ്ക്ക് മടങ്ങും. തുടർന്നുള്ള മൂന്ന് ദിവസം തമ്പുകളുടെ നഗരത്തിലാണ് ഹാജിമാരുടെ താമസം. മൂന്ന് ദിവസങ്ങളിലും ജംറകളിൽ കല്ലേറുണ്ടാവും. ദുൽഹജ് 13ന് (ശനി) വിടവാങ്ങൽ പ്രദിക്ഷണം നിർവ്വഹിച്ച് ഹാജി മാർ മക്കയോട് വിടപറയും. 160ൽപരം രാജ്യങ്ങളിൽനിന്ന് തീർഥാടക ലക്ഷങ്ങൾ ഹജിൽ പങ്കെടുക്കും.

ഇന്ത്യയിൽനിന്നുള്ള ഒന്നേ മുക്കാൽ ലക്ഷം ഹാജിമാർക്കൊപ്പം മലയാളി ഹാജിമാരും തിങ്കളാഴ്ച പുലർച്ചയോടെ മിനായിൽ എത്തിയിരുന്നു. ഇന്ത്യൻ ഹാജിമാർക്കുള്ള തമ്പുകൾ കിങ് അബ്ദുൽ അസീസ് പാലത്തിന് ഇരുവശവും ജൗഹറ റോഡിനും കിങ് ഫഹദ് റോഡിനും ഇടയിലുമാണ് ഒരുക്കിയിട്ടുള്ളത്. മിനായിൽ ഇന്ത്യൻ ഹജ് മിഷൻ ഓഫിസും അതിനോടനുബന്ധിച്ചു മെഡിക്കൽ സെൻററും ഒരുക്കിയിട്ടുണ്ട്. ഹാജിമാരുടെ സേവനത്തിനായി 17 ആംബുലൻസുകളും ഉണ്ടാവും. കേരളത്തിൽനിന്നും ഇത്തവണ 11,252 ഹാജിമാരാണ് സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിൽ എത്തിയിട്ടുള്ളത്. ഇതിൽ 4,232 പുരുഷന്മാരും 6,899 സ്ത്രീകളുമാണുള്ളത്. ഇതിൽ 2,733 മഹ്‌റമില്ലാ വിഭാഗത്തിൽ ഉള്ളവരാണ്.

ഇവരെ നയിക്കാനായി ഒൻപത് വനിതാ വൊളന്റിയർമാർ ഉൾപ്പടെ 28 ഖാദിമുൽ ഹുജാജുമാരാണുള്ളത്. ഇവരെ നിയന്ത്രിക്കുന്നത് ജാഫർ മാലിക്ക് ഐഎഎസ് . ഇത് കൂടാതെ 5,000 ത്തോളം വിവിധ സന്നദ്ധ സംഘടനാ വൊളന്റിയർമാരും ഹജ് പ്രദേശങ്ങളിൽ സേവനത്തിനെത്തും. ഏഴായിരത്തോളം മലയാളി ഹാജിമാർ സ്വകാര്യ ഗ്രൂപ്പുകളിലും  എത്തിയിട്ടുണ്ട്.

ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശങ്ങൾ ഉൾക്കൊണ്ട് ഏറ്റവും മികച്ച സേവനങ്ങളാണ് സർക്കാർ, സ്വകാര്യ വകുപ്പുകളുമായി സഹകരിച്ച് ഹറമുകളിലും പുണ്യസ്ഥലങ്ങളിലും തീർഥാടകർക്ക് ഒരുക്കിയിരിക്കുന്നത്. വിവിധ വകുപ്പ് മന്ത്രിമാര്‍ നേരിട്ടാണ് ഹജ് സൗകര്യങ്ങള്‍ വിലയിരുത്തുന്നത്. ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ്, ഹജ് സുരക്ഷ വിഭാഗം, ജവാസാത്ത് എന്നിവ മക്കയിലേയ്ക്കുള്ള എല്ലാ റൂട്ടുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അനുമതി പത്രമില്ലാതെ ആരെയും ചെക്ക് പോയിന്റുകളില്‍ നിന്ന് കടത്തിവിടുന്നില്ല. ആഭ്യന്തര ഹാജിമാര്‍ വരുന്ന ബസുകളിലും മറ്റു വാഹനങ്ങളിലും കനത്ത പരിശോധനയാണ്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അടക്കമുള്ള നൂതന വിദ്യകൾ ഉപയോഗപ്പെടുത്തി തീർഥാടകർക്ക് അനായാസകരമായി കർമങ്ങൾ അനുഷ്ഠിക്കാനുള്ള എല്ലാ സംവിധാനങ്ങളും സജ്ജീകരണങ്ങളും ബന്ധപ്പെട്ട വകുപ്പുകൾ ഒരുക്കിയിട്ടുണ്ട്.

ബലിപെരുന്നാൾ ബുധനാഴ്ച

സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ബുധനാഴ്ചയാണ് ബലി പെരുന്നാൾ. ത്യാഗത്തിന്റെയും ആത്മ സമർപ്പണത്തിന്റെയും സന്ദേശം കൂടിയാണിത്. ദൈവേച്ഛയ്ക്ക് മുന്നിൽ തനിക്കേറ്റവും പ്രിയപ്പെട്ടതിനെ ബലിയായി നൽകാൻ തയ്യാറായ പിതാവിന്റെയും അതു ശിരസാവഹിച്ച പുത്രന്റെയും അല്ലാഹുവിന്റെ കൽപന അനുസരിച്ച് മകനെ ബലിനൽകാൻ തയ്യാറായ ഹാജറ ബീവിയുടെയും ചരിത്രസ്മരണകളാണ് ഹജും ബലി പെരുന്നാളും. പ്രവാചകനായിരുന്ന ഇബ്രാഹീം പുത്രൻ ഇസ്മായിലിനെ സ്നേഹ പരിലാളനകൾ നൽകി വളർത്തുന്നതിനിടയിൽ അല്ലാഹു ഇബ്രാഹീം നബിയെ പരീക്ഷിച്ചു.  മകനെ ബലി നൽകാനായിരുന്നു കൽപന. ഒരുവേളയിൽ പകച്ചുനിന്നുപോയെങ്കിലും അല്ലാഹുവിന്റെ കൽപന അംഗീകരിച്ച് അതിനു സന്നദ്ധമായ ത്യാഗത്തിന്റെ നിമിഷം. പ്രവാചകൻ ഇബ്രാഹീം നബിയുടെ സന്നദ്ധതയും മകൻ ഇസ്മായീൽ നബിയുടെ അനുസരണയും ആത്മ സമർപ്പണവും പരീക്ഷിക്കുക മാത്ര മായിരുന്നു ലക്ഷ്യം. മകനെ ബലിയറുക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച നിമിഷം തന്നെ അതിൽ നിന്നും പിന്തിരിയാൻ അല്ലാഹു രണ്ടു പേരോടും കല്പ്പിച്ചു. ആത്മ സമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ആവർത്തനമാണ് ഒരോ ഹജ്ജിലും ബലി പെരുന്നാളിലും സംഭവിക്കേണ്ടത്.

Leave A Comment