മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഇത്തവണത്തെ ഓണാഘോഷത്തോടനുബന്ധിച്ച് ഒരുക്കുന്ന വാർഷിക പരിപാടിയായ ശ്രാവണം 2023 വിപുലമായ രീതിയിൽ സംഘടിപ്പിക്കുമെന്ന് സമാജം ഭാരവാഹികൾ ഇന്ന് നടന്ന വാർത്തസമ്മേളനത്തിൽ അറിയിച്ചു. സുനിഷ് സാസ്കോ ജനറൽ കൺവീനറായ 250 അംഗ കമ്മിറ്റിയാണ് ഇത്തവണ ഓണാഘോഷത്തെ വർണ്ണാഭമാക്കാൻ അണിനിരക്കുന്നത്. ആഗസ്ത് 3ന് തോബിയാസ് ഒരു നാടകക്കാരൻ എന്ന നാടകത്തോടെ ആരംഭിക്കുന്ന ഓണാഘോഷ പരിപാടികൾ സെപ്തംബർ 29ന് നൂറോളം പേർ പങ്കെടുക്കുന്ന പുലികളിയോടെയാണ് സമാപിക്കുന്നത്.
കബഡി മത്സരം, കോടിയേറ്റം, പിള്ളോരോണം, കമ്പവലി മത്സരം, ബഹ്റൈൻ പ്രതിഭ അവതരിപ്പിക്കുന്ന ഓണപരിപാടികൾ, പൂക്കളമത്സരം, പായസ മത്സരം,പ്രമുഖ അവതാരകരായ രാജ് കലേഷും, മാത്തുക്കുട്ടിയും നയിക്കുന്ന മഹാരുചി മേളം, മലയാളം പാഠശാല അവതരിപ്പിക്കുന്ന ഓണവില്ല്, ഘോഷയാത്ര, തിരുവോണ പുലരി എന്ന വാദ്യസംഗീതപരിപാടി, മസാല കോഫീ ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേള, തിരുവാതിര മത്സരം, ഓണപുടവ മത്സരം, ആരവം ടീമും മരം ബാൻഡും ചേർന്ന് അവതരിപ്പിക്കുന്ന നാടൻ പാട്ട്, ഓണപ്പാട്ട് മത്സരം, സിനിമാറ്റിക്ക് ഡാൻസ് മത്സരം, കെ എസ് ചിത്ര നയിക്കുന്ന ബോളിവുഡ് നൈറ്റ് ഗാനമേള, വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാപരിപാടികൾ ഉൾപ്പെടുത്തിയുള്ള രംഗ്, കളേഴ്സ് ഓഫ് ഇന്ത്യ, അയ്യായിരത്തോളം പേർക്ക് പഴയിടം മോഹനൻ നമ്പൂതിരി ഒരുക്കുന്ന ഓണസദ്യ, സഹൃദയ നാടൻ പാട്ട് സംഘം അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ, 200 ഓളം പേർ പങ്കെടുക്കുന്ന മെഗാ കൈകൊട്ടിക്കളി, ഒപ്പന മത്സരം തുടങ്ങിയവയാണ് മറ്റ് പരിപാടികൾ.
സെപ്തംബർ 14ന് ഒരുക്കുന്ന ചടങ്ങിൽ കവിയും, ചലച്ചിത്രഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവുമായ ശ്രീകുമാരൻ തമ്പിക്ക് പ്രഥമ എം പി രഘു മെമ്മോറിയൽ പുരസ്കാരം സമ്മാനിക്കും. കേരള സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ , ആലത്തൂർ എംപി രമ്യ ഹരിദാസ് തുടങ്ങിയ പ്രമുഖരും ശ്രാവണം 2023ന്റെ ഭാഗമാകുമെന്നും ,ഒപ്പം തന്നെ മറ്റ് നിരവധി പ്രമുഖ വ്യക്തികളും ഇത്തവണത്തെ ശ്രാവണം 2023ൽ അണിനിരക്കുമെന്നും അതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ ഉടൻ അറിയിക്കുമെന്നും വാർത്തസമ്മേളനത്തിൽ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള അറിയിച്ചു. സമാജം സെക്രട്ടറി വർഗീസ് കാരക്കൽ, ആഷ്ലി കുര്യൻ, വിനോബ് കുമാർ, സുനീഷ് സാസ്കോ, അർജുൻ ഇത്തികാട്ട് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു.