ഉമ്മന്‍ ചാണ്ടിയുടെ മരണം; സംസ്ഥാനത്ത് ഇന്ന് പൊതു അവധി; രണ്ട് ദിവസം ദുഖാചരണം

  • Home-FINAL
  • Business & Strategy
  • ഉമ്മന്‍ ചാണ്ടിയുടെ മരണം; സംസ്ഥാനത്ത് ഇന്ന് പൊതു അവധി; രണ്ട് ദിവസം ദുഖാചരണം

ഉമ്മന്‍ ചാണ്ടിയുടെ മരണം; സംസ്ഥാനത്ത് ഇന്ന് പൊതു അവധി; രണ്ട് ദിവസം ദുഖാചരണം


തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നുള്ള ആദര സൂചകമായി സംസ്ഥാനത്ത് രണ്ട് ദിവസം ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. കേരളത്തില്‍ ഇന്ന് (18/07/2023) പൊതു അവധിയായിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. എന്നാല്‍ മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. ഇന്ന് നടത്താന്‍ നിശ്ചയിച്ച പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല. ഇന്ന് നടക്കേണ്ടിയിരുന്ന സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.
ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് കാലിക്കറ്റ്, കണ്ണൂര്‍, സാങ്കേതിക സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കാലിക്കറ്റ് സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ 22ലേക്കാണ് മാറ്റിയിരിക്കുന്നത്.
കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന ഡിഗ്രി അഡ്മിഷന്‍ നാളത്തേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് നിശ്ചയിച്ചിരിക്കുന്ന പി.എസ്.സി പരീക്ഷകളില്‍ മാറ്റമില്ല. ഇന്ന് നടക്കേണ്ട സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പി.എസ്.സി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.
പുലര്‍ച്ചെ 4.25ന് ബെംഗളൂരുവില്‍ വെച്ചായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മരണം. ഏറെ നാളായി ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം ഹെലികോപ്ടര്‍ മാര്‍ഗം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും.
തിരുവനന്തപുരത്തെ പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായി പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരം വിദഗ്ധ ഡോക്ടര്‍ സംഘമായിരുന്നു ചികിത്സ നടത്തിയിരുന്നത്.

അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എം.എല്‍.എയായിരുന്നു ഉമ്മന്‍ ചാണ്ടി. ഏഴ് വര്‍ഷക്കാലം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. ആഭ്യന്തരം, തൊഴില്‍, ധനകാര്യം എന്നീ വകുപ്പുകളിലും പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Leave A Comment