മനാമ: കുട്ടികൾ ചെറുപ്പം മുതൽക്ക് തന്നെ വ്യായാമം പതിവാക്കണമെന്ന് ആരോഗ്യമേഖലയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ ഡോ. അനൂപ് അബ്‌ദുല്ല പറഞ്ഞു. ഫ്രന്‍റ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പിൽ കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഒരു ദിവസം ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും ശാരീരിക അധ്വാനം ആവശ്യമുള്ള കളികളിലും വ്യായാമങ്ങളിലും കുട്ടികൾ ഏർപ്പെടണം. പരമാവധി ജങ്ക് ഫുഡുകൾ ഒഴിവാക്കുകയും പച്ചക്കറികളും പഴവർഗങ്ങളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുകയും ദൈനം ദിന ഏർപ്പാടുകളിലേർപ്പെട്ട് സ്‌ക്രീൻ ടൈം ഉപയോഗം കുറച്ചു കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. റഷീദ സുബൈർ സ്വാഗതവും സഫ നന്ദിയും പറഞ്ഞു.
ടീൻസ് ഇന്ത്യയും ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷനും സംയുക്തമായി “സമ്മർ ഡിലൈറ്റ് 2023” എന്ന പേരിൽ സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പ് വർദ്ധിത ആവേശത്തോടെയാണ് കുട്ടികൾ ഏറ്റെടുത്തിരിക്കുന്നത്. വിനോദവും വിജ്ഞാനവും പകർന്നു നൽകുന്ന ക്യാമ്പ് സിഞ്ചിലെ ഫ്രന്‍റ്സ് സെന്‍ററിലാണ് നടക്കുന്നത്. പ്രശസ്ത മോട്ടിവേഷനൽ ട്രെയിനറും ലൈഫ് കോച്ചുമായ നുഅ്മാൻ വയനാട്, സി.എച്ച്.ആർ.ഡി.ട്രെയിനർ, അഡോളസെൻസ് കൗൺസിലർ, ഷോർട്ട് ഫിലിം സംവിധായകൻ, അഭിനേതാവ് തുടങ്ങിയ മേഖലയിൽ പ്രശസ്‌തനായ അൻസാർ നെടുമ്പാശ്ശേരി എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.