കൊച്ചി: അന്തരിച്ച ചലച്ചിത്ര സംവിധായകന് സിദ്ദിഖിന് ആദരാഞ്ജലികള്‍ ആര്‍പ്പിച്ച് സിനിമാ സാംസ്കാരിക ലോകം.അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരൻ എന്ന നിലയിലേക്ക് ഉയർന്ന പ്രതിഭയെയാണ് സിദ്ദിഖിന്റെ വിയോഗത്തിലൂടെ സാംസ്കാരിക കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഗൗരവതരമായ ജീവിത പ്രശ്നങ്ങളെ നർമ്മ മധുരമായ ശൈലിയിൽ അവതരിപ്പിക്കുന്നതിൽ സിദ്ദിഖ് ശ്രദ്ധേയമായ മികവ് പുലർത്തിയിരുന്നു. മികച്ച തിരകഥാകൃത്തും സംവിധായകനുമായിരുന്നു സിദ്ദിഖ്. അദ്ദേഹവും ലാലും ചേർന്ന് ഒരുക്കിയ പല സിനിമകളിലെ മുഹൂർത്തങ്ങളും സംഭാഷണങ്ങളും ജനമനസ്സിൽ പതിറ്റാണ്ടുകൾക്ക് ശേഷവും മായാതെ നിൽക്കുന്നത് തന്നെ അദ്ദേഹത്തിലെ പ്രതിഭയുടെ സ്വീകാര്യതക്കുള്ള ദൃഷ്ടാന്തമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
റാംജി റാവു സ്പീക്കിങ്ങ്, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ തുടങ്ങിയ ഇവരുടെ ചലച്ചിത്രങ്ങൾ വ്യത്യസ്ത തലമുറകൾക്ക് സ്വീകാര്യമായിരുന്നു. മലയാള ഭാഷക്കപ്പുറം തമിഴിലും തെലുങ്കിലും ഹിന്ദിയിലും ചലച്ചിത്ര രംഗത്തിന് സംഭാവന നൽകാൻ സിദ്ദിഖിന് സാധിച്ചു. മലയാള ചലച്ചിത്ര മേഖലയ്ക്കും മലയാളികൾക്കാകെയും നികത്താനാവാത്തതാണ് സിദ്ദിഖിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ള നഷ്ടമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
സാധാരണക്കാരന്റെ ജീവിതപ്രശ്നങ്ങൾ ഹാസ്യത്തിലൂടെ അവതരിപ്പിച്ച് മലയാളികളുടെ മനസ്സിൽ ചേക്കേറിയ സംവിധായകൻ ആണ് സിദ്ദിഖെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന ഒരുപാട് ഹാസ്യരംഗങ്ങൾ സിദ്ദിഖിന്റെ എല്ലാ ചിത്രങ്ങളിലും ഉണ്ട് . ലാൽ എന്ന സംവിധായകനോടൊപ്പം ചേർന്ന് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളും, അല്ലാതെ ഒറ്റക്ക് ചെയ്ത ചിത്രങ്ങളും എല്ലാം തന്നെ ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ ചിത്രത്തിലെ ചില ഡയലോഗുകൾ നമ്മൾ നിത്യജീവിതത്തിൽ പലപ്പോഴും ഉപയോഗിക്കാറുണ്ട്. ഹാസ്യത്തിന്റെ പുതിയ മുഖം മലയാളിക്ക് പരിചയപ്പെടുത്തിയ സിദ്ദീഖിന്റെ വിയോഗം മലയാള സിനിമയ്ക്ക് കനത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
സംവിധായകൻ സിദ്ദിഖിന്റെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ടെന്ന് മോഹൻലാൽ. മലയാളത്തിൽ എപ്പോഴും ഓർമിക്കപ്പെടുന്ന സിനിമകൾ ചെയ്ത വ്യക്തിയാണ്. മൃതദേഹം കാണാൻ വരാൻ പറ്റാത്ത സാഹചര്യത്തിലാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ആദ്യ സിനിമ മുതലുള്ള സൗഹൃദമാണ്. മലയാളത്തിൽ എപ്പോഴും ഓർമിക്കപ്പെടുന്ന സിനിമ ചെയ്ത വ്യക്തിയാണ്. ഒരുപാട് പേർ നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആർട്ടിസ്റ്റുകൾക്ക് വളരെ കംഫർട്ടബിളായ സംവിധായകനായിരുന്നു. മൃതദേഹം കാണാൻ വരാൻ പറ്റാത്ത സാഹചര്യത്തിലാണ്. ദൂരെയാണ്. വിയോഗത്തിൽ അതിയായ ദുഃഖം’- മോഹൻലാൽ പറഞ്ഞു.
സംവിധായകന് സിദ്ദിഖിനെ അനുസ്മരിച്ച് കലാഭവന്‍ മിമിക്രി താരങ്ങള്‍. പ്രൊഫഷണല്‍ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഒരുപോലെ സ്വീധീനം ചെലുത്തിയ വ്യക്തിയായിരുന്നു സിദ്ദിഖെന്ന് കലാഭവന്‍ ഷാജോണും കലാഭവന്‍ നവാസും പ്രതികരിച്ചു.‘വ്യക്തി ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും വഴികാട്ടിയായിരുന്നു സിദ്ദിഖ് ഇക്ക. എനിക്കൊക്കെ മിമിക്രിയിലേക്ക് വരാന്‍ പ്രചോദനം തന്നെ അദ്ദേഹമായിരുന്നു. ഒരിക്കലും അവരെയൊന്നും പരിചയപ്പെടാന്‍ കഴിയുമെന്ന് പോലും പണ്ടൊന്നും വിചാരിച്ചിരുന്നില്ല. ജീവിതത്തില്‍ മാറിച്ചിന്തിക്കാന്‍ തന്നെ കാരണം അദ്ദേഹത്തെ പോലുള്ളവരാണ്. ഗുരുനാഥനാണ്. വഴികാട്ടിയാണ്..’.കലാഭവന്‍ നവാസ് അനുസ്മരിച്ചു.
മിമിക്രിയെന്ന കലയ്ക്ക് നിലവാരമുള്ള അടിത്തറയുണ്ടാക്കിയത് സിദ്ദിഖും ലാലുമായിരുന്നെന്ന് കലാഭവന്‍ ഷാജോണ്‍ പ്രതികരിച്ചു. എവിടെ പോയാലും കലാഭവനില്‍ നിന്നാണെന്ന് അഹങ്കാരത്തോടെ പറയാന്‍ കാരണം സിദ്ദിഖായിരുന്നുവെന്നും ഷാജോണ്‍ പ്രതികരിച്ചു.
അന്തരിച്ച സംവിധായകൻ സിദ്ദിഖ് തനിക്ക് ജ്യേഷ്ഠസഹോദര തുല്യനായിരുന്നുവെന്ന് നടൻ സായ് കുമാർ. സായ് കുമാറിന്റെ അരങ്ങേറ്റ ചിത്രമായ റാംജി റാവു സ്പീക്കിംഗിന്റെ സംവിധായകനായിരുന്നു സിദ്ദീഖ്.