പ്രവാസികൾക്ക് ഇരുട്ടടിയാകുമോ: കുട്ടികളുടെ നിരക്കിളവ്​ എയർ ഇന്ത്യ എക്സ്​പ്രസ്​ ഒഴിവാക്കുന്നു?

  • Home-FINAL
  • Business & Strategy
  • പ്രവാസികൾക്ക് ഇരുട്ടടിയാകുമോ: കുട്ടികളുടെ നിരക്കിളവ്​ എയർ ഇന്ത്യ എക്സ്​പ്രസ്​ ഒഴിവാക്കുന്നു?

പ്രവാസികൾക്ക് ഇരുട്ടടിയാകുമോ: കുട്ടികളുടെ നിരക്കിളവ്​ എയർ ഇന്ത്യ എക്സ്​പ്രസ്​ ഒഴിവാക്കുന്നു?


ദുബൈ: കുട്ടികൾക്ക്​ ടിക്കറ്റെടുക്കുന്നതിന്​ എയർ ഇന്ത്യ എക്സ്​പ്രസ്​ ഏർപെടുത്തിയിരുന്ന നിരക്കിളവ്​ ഒഴിവാക്കുന്നുവെന്ന്​ സംശയം. എയർ ഇന്ത്യ എക്​സ്​പ്രസിന്‍റെ പരിഷ്കരിച്ച വെബ്​സൈറ്റിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ നിരക്കാണ്​ കാണിക്കുന്നത്​. സ്വകാര്യവത്​കരണത്തിന് ശേഷമുള്ള പതിയ പരിഷ്കരണമാണ്​ ഇതെന്ന്​ സംശയിക്കുന്നു. ഈ പരിഷ്കാരം പ്രാബല്യത്തിലായാൽ പ്രവാസി കുടുംബങ്ങൾക്ക്​ ലഭിച്ചിരുന്ന നേരിയ നിരക്കിളവും ഇല്ലാതാവും.

ബജറ്റ്​ കാരിയറുകളിൽ എയർ ഇന്ത്യ എക്സ്​പ്രസ്​ മാത്രമാണ്​ കുട്ടികൾക്ക്​ നിരക്കിളവ്​ നൽകിയിരുന്നത്​. മുതിർന്നവരുടെ ടിക്കറ്റിനേക്കാൾ 10 ശതമാനത്തോളം ഇളവ്​ കുട്ടികളുടെ ടിക്കറ്റിന്​ ലഭിച്ചിരുന്നു. എന്നാൽ, ചൊവ്വാഴ്ച ടിക്കറ്റ്​ ബുക്ക്​ ചെയ്തവർക്ക്​ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ നിരക്ക്​ അടക്കേണ്ടി വന്നു. എയർ ഇന്ത്യ എക്സ്​​പ്രസും എയർ ഏഷ്യയും ലയിപ്പിക്കുന്നതിന്‍റെ ഭാഗമായി രണ്ട്​ ദിവസമായി സിസ്റ്റത്തിൽ പരിഷ്കാരങ്ങൾ നടക്കുന്നുണ്ട്​

നിലവിലെ റാഡിക്സ്​​ സിസ്റ്റത്തിൽ നിന്ന്​ നാവിറ്റയർ സിസ്റ്റത്തിലേക്ക്​ മാറ്റുന്നു എന്നാണ്​ അധികൃതർ അറിയിച്ചത്​. യാത്രക്കാർക്ക്​ കൂടുതൽ ഉപകാരപ്രദമായിരിക്കും പുതിയ സംവിധാനം എന്നും അറിയിച്ചിരുന്നു. എന്നാൽ, ചൊവ്വാഴ്ച പരിഷ്കാരങ്ങളോടെ വെബ്​സൈറ്റ്​ ലോഞ്ച്​ ചെയ്തപ്പോൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ നിരക്കാണ്​ കാണിക്കുന്നത്​.

മൂന്നും നാലും കുട്ടികളുള്ള കുടുംബങ്ങൾക്ക്​ ഏറെ ആശ്വാസകരമാണ്​ എയർ ഇന്ത്യയുടെ ചൈൽഡ്​ ഫെയർ സംവിധാനം. യു.എ.ഇയിൽ നിന്ന്​ നാട്ടിലേക്ക്​ പോകുന്നവർക്ക്​ 100-200 ദിർഹമിലേറെ ഒരു കുട്ടിക്ക്​ ലാഭമുണ്ടായിരുന്നു. ഈ സംവിധാനം നിലച്ചാൽ പ്രവാസികൾക്ക്​ വൻ തിരിച്ചടിയാകും.കഴിഞ്ഞ ദിവസം ദുബൈ, ഷാർജ വിമാനത്താവളങ്ങളിൽ നിന്ന്​ കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ സർവീസുകൾ അവസാനിപ്പിച്ചിരുന്നു. ഇതോടെ ആഴ്ചയിൽ 2200 സീറ്റിന്‍റെ കുറവാണുണ്ടായത്​. ഈ വേനൽക്കാല ഷെഡ്യുളിൽ കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യയുടെ ഈ സർവീസുകളടക്കം നിരവധി സർവീസുകൾ നിർത്തലാക്കിയിട്ടുണ്ട്​. ദുബൈയിൽനിന്ന്​ മുംബൈ, ഡൽഹി, ഗോവ, ഇൻഡോർ എന്നീ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്‍റെയും ഏതാനും സർവീസുകളും നിർത്തലാക്കിയിരുന്നു.

Leave A Comment