ബഹ്‌റൈൻ: പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ ഓണാഘോഷ പരിപാടിയായ “ഓണാരവം 2023” ഒക്ടൊബർ 6 ന് ബാങ്ങ് സാൻ തായ് റെസ്റ്റൊറന്റ് അദ്ലിയയിൽ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.അറുനൂറിൽ പരം ആളുകൾ പങ്കെടുത്ത വിഭവസമൃദ്ധമായ ഓണ സദ്യയായിരുന്നു ഓണാരവത്തിലെ പ്രധാന ആകര്‍ഷണം.സജീഷ് പന്തളത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ അത്തപ്പൂക്കളത്തോടെ തുടങ്ങിയ പരിപാടിയിൽ സഹൃദയാ കലാ സംഘം അവതരിപ്പിച്ച നാടൻ പാട്ട്, കലാഭവൻ ബിനുവും ദിൽഷാദും അവതരിപ്പിച്ച ഗാനമേള, നസീബ് കലാഭവൻ അവതരിപ്പിച്ച മിമിക്രി, അസോസിയേഷൻ ലേഡീസ് വിഭാഗം അവതരിപ്പിച്ച തിരുവാതിര, സക്കറിയ സാമുവേലും ടീമും അവതരിപ്പിച്ച വഞ്ചിപ്പാട്ട് , കുമാരി സാരംഗിയുടെ നേതൃത്വത്തിൽ ഉള്ള ടീം അവതരിപ്പിച്ച ഓണം ഡാൻസ്, മറ്റു വിവിധ നൃത്തം ഇനങ്ങൾ തുടങ്ങിയ അനേകം ഓണാഘോഷ പരിപാടികൾ അരങ്ങേറി.
ബിനു കോന്നിയുടെ നേതൃത്വത്തിൽ അരങ്ങേറിയ പുലികളി കാണികൾക്ക് തികച്ചും വ്യത്യസ്ഥമായ അനുഭവമായിരുന്നു.അസോസിയേഷൻ അംഗങ്ങൾ തമ്മിലുള്ള സൗഹൃദ വടംവലി മത്സരത്തിൽ അസോസിയേഷൻ ടീമായ “സൽമാനിയ ബോയ്സ്” ഒന്നാം സ്ഥാനം കരസ്ഥമാക്കി.പൊതുസമ്മേളനത്തിൽ പ്രോഗ്രാം കൺവീനർ ജയേഷ് കുറുപ്പ് സ്വാഗതപ്രസംഗവും, അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു.വി അധ്യക്ഷ പ്രസംഗവും, രാജീവ് പി മാത്യു ഓണം സന്ദേശവും നൽകി. രാജു കല്ലുംപുറം,മോനി ഒടിക്കണ്ടത്തിൽ, സക്കറിയ സാമുവേൽ, വർഗീസ് മോടിയിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ബോബി പുളിമൂട്ടിൽ നന്ദി അറിയിച്ചു.അജു റ്റി കോശി, ഹന്ന ലിജൊ എന്നിവരായിരുന്നു അവതാരകർ.