എയർ കേരള സ്വന്തമാക്കി മലയാളി ട്രാവൽ ഉടമ.സംസ്ഥാന സർക്കാരുമായി കൈകോർക്കാൻ തയാറാണെന്നും മലയാളി വ്യവസായി

  • Home-FINAL
  • Business & Strategy
  • എയർ കേരള സ്വന്തമാക്കി മലയാളി ട്രാവൽ ഉടമ.സംസ്ഥാന സർക്കാരുമായി കൈകോർക്കാൻ തയാറാണെന്നും മലയാളി വ്യവസായി

എയർ കേരള സ്വന്തമാക്കി മലയാളി ട്രാവൽ ഉടമ.സംസ്ഥാന സർക്കാരുമായി കൈകോർക്കാൻ തയാറാണെന്നും മലയാളി വ്യവസായി


ദുബായ്: കേരളത്തിന്റെ സ്വന്തം വിമാന സർവീസായി എയർ കേരള യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാരുമായി കൈകോർക്കാൻ തയാറായി സ്മാർട് ട്രാവൽ ഏജൻസി ചെയർമാൻ അഫി അഹമ്മദ്.

എയർ കേരള രൂപീകരണ നീക്കം സജീവമാക്കി എയർ കേരള ഡോട്ട് കോം എന്ന വെബ്സൈറ്റ് ഡൊമയിൻ സ്മാർട് ട്രാവൽ വാങ്ങി.
മലയാളികളുടെ തന്നെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന 1971 എന്ന കമ്പനിയുടെ കീഴിലെ എക്സിക്യൂട്ടീവ് ബാച്ചിലേഴ്സ് ഡോട്ട് കോം എന്ന ഡൊമയിൻ വിൽപന സ്ഥാപനത്തിന്റെ കൈവശമായിരുന്ന എയർ കേരളയുടെ പേരിലുള്ള ഡൊമയിൻ 10 ലക്ഷം ദിർഹത്തിനാണ് (2.24 കോടി രൂപ) സ്മാർട് ട്രാവൽ വാങ്ങിയത്.

23 വർഷമായി എയർ കേരള ഡൊമയിൻ ഈ കമ്പനിയുടെ കൈവശമായിരുന്നു. 5 കോടി രൂപവരെ ഡൊമയിനു വില പറഞ്ഞിരുന്നതാണെങ്കിലും കേരളത്തിന്റെ സ്വന്തം സംരംഭത്തിനു മാത്രമേ കൈമാറൂ എന്നതിനാലാണ് ഇത്രയും കാത്തിരുന്നതെന്നു 1971 സ്ഥാപകൻ സത്താർ അൽ കരൻ പറഞ്ഞു. വിമാനക്കമ്പനി രൂപീകരണവുമായി മുന്നോട്ടു പോകുന്നുവെന്നു പറയുമ്പോഴും ഡൊമയിൻ പോലും സർക്കാരിന്റെ കൈവശമില്ലായിരുന്നുവെന്ന് അഫി പറഞ്ഞു.

സർക്കാർ ഉടമസ്ഥതയിൽ വിമാനക്കമ്പനി തുടങ്ങുകയാണെങ്കിൽ എയർ കേരള വെബ്സൈറ്റ് ഡൊമയിൻ അതേ പേരിൽ കൈമാറാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. വിമാനം വാടകയ്ക്കു നൽകാൻ ലോകത്തെ വൻകിട ലീസിങ് കമ്പനികൾ ഒരുക്കമാണ്. റഷ്യയിൽ നിന്ന് അടക്കം ആയിരക്കണക്കിനു വിമാനം വാടകയ്ക്ക് ലഭ്യമാണ്. സ്വന്തമായി വിമാനം വാങ്ങി കമ്പനി തുടങ്ങാൻ ബുദ്ധിമുട്ടാണെങ്കിൽ വാടകയ്ക്കു വിമാനം എടുത്തു സർവീസ് നടത്താവുന്നതേയുള്ളു.

സർക്കാരിനു സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിൽ മലയാളികളായ വ്യവസായികൾക്ക് ഈ സംരംഭത്തിൽ കൈകോർക്കാവുന്നതാണ്. വിമാനം വാടകയ്ക്ക് എടുത്തു സർവീസ് തുടങ്ങാൻ 500 കോടി രൂപയിൽ താഴെ മാത്രമേ നിക്ഷേപം ആവശ്യമായി വരൂ. ഇന്ത്യയിൽ നിന്നു വിമാനക്കമ്പനി തുടങ്ങണമെങ്കിൽ 5 വർഷത്തെ പ്രവൃത്തി പരിചയമെങ്കിലും വേണമെന്ന നിബന്ധന ഇപ്പോഴില്ല. പകരം 20 വിമാനങ്ങൾ ഉള്ളവർക്കു കമ്പനി തുടങ്ങാം. എയർ കേരള പദ്ധതിയുമായി മുന്നോട്ടു പോകാൻ സർക്കാർ ആത്മാർഥമായി ആഗ്രഹിക്കുന്നെങ്കിൽ ഈ അവസരം പ്രയോജനപ്പെടുത്തണം. വിമാനം വാടകയ്ക്ക് എടുക്കാനും കമ്പനി നടത്താനും ഇപ്പോഴുള്ള പ്രവൃത്തി പരിചയം വച്ച് എല്ലാ സഹായവും നൽകാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

എയർ കേരള ഡോട്ട് കോം എന്ന വെബ്സൈറ്റിന്റെ സേവനം ജനങ്ങൾക്ക് ഇപ്പോൾ ലഭ്യമാണ്. ആദ്യ ഘട്ടത്തിൽ കുറഞ്ഞ ചെലവിൽ ടിക്കറ്റുകൾ ലഭ്യമാക്കും. തുടർന്ന് ചാർട്ടേഡ് വിമാന സർവീസും പിന്നീട് സ്വന്തം രാജ്യാന്തര വിമാന സർവീസുമാണ് എയർ കേരളയുടെ ലക്ഷ്യം. രാജ്യാന്തര സർവീസുകൾ തുടങ്ങുന്നതിനാണ് തൽപരരായ നിക്ഷേപകരുടെ സഹകരണം തേടുന്നത്. എയർ കേരളയുടെ സാധ്യതാ പഠനത്തിനു സ്വന്തം നിലയിൽ കൺസൽറ്റൻസിയെ നിയമിച്ചതായും അഫി പറഞ്ഞു. വിമാനക്കമ്പനികളിൽ പ്രവൃ‍ത്തി പരിചയമുള്ളവരുടെ ഉപദേശക സമിതിയും രൂപീകരിച്ചിട്ടുണ്ട്. യുഎഇയിലെ പ്രധാന എയർ പോർട്ടുകൾ ഉപയോഗിച്ചു ചെലവു കുറഞ്ഞ സർവീസാണ് കമ്പനിയുടെ ലക്ഷ്യം.

Leave A Comment