സെന്റ് മേരീസ് കത്തീഡ്രലിന്റെ 64-മത് ഇടവക പെരുന്നാളിന് സമാപനമായി.

  • Home-FINAL
  • Business & Strategy
  • സെന്റ് മേരീസ് കത്തീഡ്രലിന്റെ 64-മത് ഇടവക പെരുന്നാളിന് സമാപനമായി.

സെന്റ് മേരീസ് കത്തീഡ്രലിന്റെ 64-മത് ഇടവക പെരുന്നാളിന് സമാപനമായി.


മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്ധ്യപൂര്‍വ്വ ദേശത്തെ മാത്യ ദേവാലയമായ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 64-മത് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഭക്തി സാന്ദ്രമായ സമാപനവും കൊടിയിറക്കവും. ഒക്ടോബർ 9ന് വൈകിട്ട് വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവായാണ് പെരുന്നാളിന് സമാപനം കുറിച്ചുകൊണ്ട് കൊടിയിറക്കിയത്.

2022 സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ 9 വരെ നടക്കുന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവായായിരുന്നു മുഖ്യ കാര്‍മികത്വം വഹിച്ചത്. ഒക്ടോബര്‍ 3, 4, 6 തീയതികളില്‍ നടന്ന വചന ശുശ്രൂഷയ്ക്ക് കോട്ടയം വൈദീക സെമിനാരി അദ്ധ്യാപകനും മലങ്കര ഓര്‍ത്തഡോക്സ് സഭ വൈദീക ട്രസ്റ്റിയുമായ റവ. ഫാദര്‍ ഡോ. തോമസ് വര്‍ഗ്ഗീസ് അമയില്‍ നേത്യത്വം നല്‍കി.

ഒക്ടോ: 7 വെള്ളിയാഴ്ച്ച രാവിലെ ദേവാലയത്തില്‍ വച്ച് വിശുദ്ധ കുര്‍ബ്ബാനയും വൈകിട്ട് 5.00 മണി മുതല്‍ ഇസാ ടൗണ്‍ ഇന്ത്യന്‍ സ്കൂളില്‍ വച്ച് പരിശുദ്ധ കാതോലിക്കാ ബാവായിക്ക് സമുചിതമായ സ്വീകരണവും നൽകി. തദവസരത്തില്‍ ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക മത രാഷ്ടീയ മേലദ്ധ്യക്ഷന്മാര്‍ പങ്കെടുത്തു. 8 ശനിയാഴ്ച്ച വൈകിട്ട് 6.30 മുതല്‍ സന്ധ്യ നമസ്ക്കാരം, പെരുന്നാള്‍ സന്ദേശം, പ്രദക്ഷണം, ആശീര്‍വാദം, കത്തീഡ്രല്‍ പുനഃരുദ്ധാരണ കമ്മിറ്റിയെ ആദരിക്കല്‍ എന്നിവയും നടന്നു.

9 ഞായറാഴ്ച്ച വൈകിട്ട് 6.15 മുതല്‍ സന്ധ്യ നമസ്ക്കാരം, പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, കത്തീഡ്രലില്‍ ഈ വര്‍ഷം 25 വര്‍ഷം പൂര്‍ത്തിയാക്കിയവരേയും 10,12 ക്ലാസ്സുകളില്‍ ഉന്നത വിജയം കരസ്തമാക്കിയ കുഞ്ഞുങ്ങളേയും ആദരിക്കുന്ന ചടങ്ങ്, സുവനീര്‍ പ്രകാശനം, ശ്ലൈഹീക വാഴ്‌വും തുടർന്ന് പെരുന്നാള്‍ കൊടിയിറക്കും നടന്നു.

ഇടവക വികാരി റവ. ഫാദര്‍ പോള്‍ മാത്യൂ, സഹ വികാരി റവ. ഫാദര്‍ സുനില്‍ കുര്യന്‍ ബേബി, കത്തീഡ്രല്‍ ട്രസ്റ്റി സാമുവേല്‍ പൗലോസ്, സെക്രട്ടറി ബെന്നി വര്‍ക്കി എന്നിവര്‍ പെരുന്നാളിന് നേതൃത്വും നൽകി.

ഒക്ടോ 9 ന് പ. കാതോലിക്കാ ബാവ ബഹ്റൈൻ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി. കാതോ​ലി​ക്ക ബാ​വയുടെ സേ​വ​ന​ പ്രവർത്തനങ്ങളെ ബഹ്‌റൈൻ രാ​ജാ​വ് പ്ര​ശം​സിച്ചു.

Leave A Comment