ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു. രാവിലെ പത്തരയോടെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍വെച്ചാണ് ഖാര്‍ഗെ ഔദ്യോഗികമായി പദവി ഏറ്റെടുത്തത്. ഈ മാസം 17-ാം തീയതി നടന്ന അധ്യക്ഷ തെരഞ്ഞെടുപ്പില്‍ 7000ല്‍ അധികം വോട്ടുകള്‍ക്ക് ശശി തരൂരിനെ പരാജയപ്പെടുത്തിയാണ് ഖാര്‍ഗെ അധ്യക്ഷ പദവിയില്‍ എത്തുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ പത്രം തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി ചടങ്ങില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് കൈമാറി.
24 വര്‍ഷത്തിന് ശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ എത്തുന്നത്. രാജ്ഘട്ടില്‍ എത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ഖാര്‍ഗെയും സംഘവും എഐസിസി ആസ്ഥാനത്ത് എത്തിയത്. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഖാര്‍ഗെയ്ക്ക് ആശംസകള്‍ അറിയിച്ച് ചടങ്ങില്‍ പങ്കെടുത്തു. പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കാന്‍ ഖാര്‍ഗെയ്ക്ക് കഴിയുമെന്ന് പൂര്‍ണ വിശ്വാസമുണ്ടെന്നും പുതിയ നേതൃത്വത്തിന് കീഴില്‍ പാര്‍ട്ടി കൂടുതല്‍ ശക്തമാകുമെന്നും സോണിയാ ഗാന്ധി പ്രതികരിച്ചു.
തനിക്കിത് അഭിമാന നിമിഷമാണെന്നും സാധാരണ പ്രവര്‍ത്തകന് ഇത്ര വലിയ പദവി നല്‍കിയതിന് നന്ദി അറിയിക്കുന്നുവെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. തന്റെ അനുഭവ സമ്പത്തും കഠിനാധ്യാനവും പാര്‍ട്ടിയുടെ ഉന്നമനത്തിനായി പ്രയോജനപ്പെടുത്തുമെന്ന് കൂട്ടിച്ചേര്‍ത്ത് ഖാര്‍ഗെ എല്ലാ പ്രവര്‍ത്തകരുടെയും പിന്തുണ തേടുകയും ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷനെന്ന നിലയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാകും ആദ്യം ഖാര്‍ഗെ പങ്കെടുക്കുന്നത്. ഗുജറാത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം യോഗത്തില്‍ ചര്‍ച്ചയാകും. എഐസിസി പ്ലീനറി സമ്മേളനം 3 മാസത്തിനകം നടക്കും. പാര്‍ട്ടി പ്രതിസന്ധികള്‍ നേരിടുന്ന ഘട്ടത്തില്‍ വലിയ ഉത്തവാദിത്തങ്ങളാണ് ഖാര്‍ഗെയ്ക്ക് മുന്നിലുള്ളത്.