സിഗരറ്റ് ഒറ്റയായി വില്‍ക്കുന്നത് നിരോധിക്കണമെന്ന് പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിര്‍ദേശിച്ചു. ഇത് പുകയില നിയന്ത്രണ പരിപാടികളെ ബാധിക്കുന്നുവെന്നാണ് സമിതി ചൂണ്ടിക്കാട്ടുന്നത്. കൂടാതെ വിമാനത്താവളത്തിലെ സ്മോക്കിംഗ് സോണ്‍ അടച്ചിടാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. പൊതുബജറ്റില്‍ പുകയില ഉല്പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്.
യുവാക്കളിലും കൗമാരക്കാരിലും വലിയ വിഭാഗം, മുഴുവന്‍ പാക്കറ്റ് വാങ്ങാന്‍ സാമ്ബത്തിക ശേഷിയില്ലാത്തതിനാലും മറ്റും ഓരോന്നായി വാങ്ങിയാണ് പുകവലിക്കുന്നത്. ഇങ്ങനെ രാജ്യത്ത് സിഗരറ്റിന്റെ ഉപയോഗം കൂടുന്നുവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ചില്ലറ വില്പന നിരോധിക്കുന്നതോടെ പുകവലി ശീലം കുറയാന്‍ കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജിഎസ്ടി നടപ്പാക്കിയ ശേഷവും പുകയില ഉല്പന്നങ്ങളുടെ നികുതിയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍. ഇത്തരമൊരു സാഹചര്യത്തില്‍ പൊതുബജറ്റില്‍ പുകയില ഉല്പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കാനാണ് സാധ്യത. ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സറിനെ ഉദ്ധരിച്ച്, മദ്യവും പുകയിലയും ഉപയോഗിക്കുന്നത് ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് സമിതി പറഞ്ഞു.