പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെൻ മോദി അന്തരിച്ചു.

  • Home-FINAL
  • Business & Strategy
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെൻ മോദി അന്തരിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെൻ മോദി അന്തരിച്ചു.


അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെൻ മോദി അന്തരിച്ചു. 99 വയസായിരുന്നു. അഹമ്മദാബാദിലെ യു എൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്ററിൽ ഇന്നു പുലർച്ചെയാണ് അന്ത്യം. രണ്ടു ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് തിരിച്ചു.

1923 ജൂൺ 18 നാണ് ഹീരാബെൻ മോദി ജനിച്ചത്. ഗുജറാത്തിലെ മെഹ്സാനയിലെ വഡ്നഗർ ആണ് സ്വദേശം. ചായ വിൽപനക്കാരനായ ദാമോദർദാസ് മൂൽചന്ദ് മോദിയെ ചെറുപ്പത്തിൽതന്നെ വിവാഹം കഴിച്ചു. ആറു മക്കളിൽ മൂന്നാമാനാണ് മോദി.

നരേന്ദ്ര മോദി, പങ്കജ് മോദി, സോമ മോദി, അമൃത് മോദി, പ്രഹ്ലാദ് മോദി, മകൾ വാസന്തിബെൻ ഹസ്മുഖ്ലാൽ മോദി എന്നിവരാണ് മക്കൾ. പ്രധാനമന്ത്രിയുടെ ഇളയ സഹോദരൻ പങ്കജ് മോദിക്കൊപ്പം ഗാന്ധിനഗറിനടുത്തുള്ള റെയ്സൻ ഗ്രാമത്തിലാണ് ഹീരാബെൻ മോദി താമസിച്ചിരുന്നത്. ഗുജറാത്തില്‍ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയിലും പ്രധാനമന്ത്രി മോദി അമ്മയെ സന്ദര്‍ശിച്ചിരുന്നു.

കഴിഞ്ഞ ജൂണിൽ അമ്മ നൂറാം വയസ്സിലേക്കു പ്രവേശിച്ചപ്പോൾ ഗാന്ധിനഗറിലെ വീട്ടിലെത്തി മോദി പാദപൂജ നടത്തിയിരുന്നു. നൂറ്റാണ്ട് നീണ്ട ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

മഹത്തായ ഒരു നൂറ്റാണ്ടിന്റെ ജീവിതം ഈശ്വരപാദങ്ങളിലേക്ക് യാത്രയായെന്ന് മോദി പറഞ്ഞു.

ആരോഗ്യനില മോശമായതിനെത്തുടർന്ന് ചൊവ്വാഴ്ചയായിരുന്നു ഹീരാബെൻ മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിച്ചതിന് പിന്നാലെ പ്രധാനമന്ത്രി കഴിഞ്ഞ ആഴ്ച അഹമ്മദാബാദിലെത്തി മാതാവിനെ സന്ദർശിച്ചിരുന്നു.

അതേസമയം, മുൻനിശ്ചയപ്രകാരമുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾക്ക് മാറ്റമില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയും കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന കാർ മൈസൂരുവിനടുത്ത് അപകടത്തിൽപ്പെട്ടിരുന്നു.

 

 

 

 

Leave A Comment