ഡല്‍ഹി സര്‍ക്കാരിലെ സാമൂഹിക ക്ഷേമമന്ത്രിയായിരുന്ന രാജേന്ദ്ര പാല്‍ ഗൗതം രാജിവച്ചു. ഹിന്ദു ദൈവങ്ങളെക്കുറിച്ചുള്ള വിവാദ പ്രസ്താവന പുറത്തു വന്നതിനു പിന്നാലെയാണ് രാജി. രാജേന്ദ്ര ഗൗതത്തിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. മതപരിവര്‍ത്തന ചടങ്ങില്‍ പങ്കെടുത്ത് ഹിന്ദു ദൈവങ്ങളോട് അനാദരവ് കാണിച്ച രാജേന്ദ്ര പാലിനെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു.
‘ഇന്ന് വാല്‍മീകി മഹര്‍ഷിയുടെ പ്രകടോത്സവ ദിനമാണ്. മറുവശത്ത് കാന്‍ഷി റാം സാഹിബിന്റെ ചരമവാര്‍ഷിക ദിനവും. ചില ബന്ധനങ്ങളില്‍ നിന്നും ഞാന്‍ ഇന്ന് മോചിതനാകുന്നു. പുതിയൊരു മനുഷ്യനായി മാറ്റപ്പെട്ടിരിക്കുന്നു. സമൂഹത്തിനെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യും.’- രാജിക്കത്ത് ട്വീറ്റ് ചെയ്തുകൊണ്ട് രാജേന്ദ്ര പാല്‍ ഗൗതം പറഞ്ഞു.
രാജേന്ദ്ര പാല്‍ ഗൗതം മതപരിവര്‍ത്തന പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഹിന്ദു ദൈവങ്ങള്‍ക്കെതിരെ അദ്ദേഹം വിവാദ പ്രസ്താവന നടത്തി. ഇതോടെയാണ് പ്രതിഷേധം ഉടലെടുത്തത്. രാജേന്ദ്ര ഗൗതമിനോട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കടുത്ത വിയോജിപ്പുണ്ടായിരുന്നുവെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടി ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്ന് ബിജെപി ആരോപിച്ചിരുന്നു.
ബിജെപിയുടെ അന്ത്യശാസനം
എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു എന്ന് അവകാശപ്പെടുന്ന കെജ്രിവാള്‍ 24 മണിക്കൂറിനുള്ളില്‍ ഗൗതമിനെ പുറത്താക്കണമെന്ന് ബിജെപി കെജ്രിവാളിന് അന്ത്യശാസനം നല്‍കിയിരുന്നു. ഗൗതമിന്റെ പ്രതിരോധം സാങ്കല്‍പ്പികമാണ്. ഹിന്ദുമതത്തെ അപമാനിക്കാന്‍ ഒരു മതവും ആര്‍ക്കും അവകാശം നല്‍കുന്നില്ല. കെജ്രിവാളിന്റെ മന്ത്രി പറഞ്ഞ വാക്ക് ഭരണഘടനാ വിരുദ്ധമാണെന്ന് മാത്രമല്ല, സമൂഹത്തിന്റെ ഐക്യത്തിന് എതിരാണെന്നും ബിജെപി ആരോപിച്ചു.
ദൈവത്തില്‍ വിശ്വസിക്കില്ലെന്ന് സത്യം ചെയ്തു
ബിജെപി നേതാക്കള്‍ പുറത്തുവിട്ട രാജേന്ദ്ര ഗൗതമിന്റെ വീഡിയോയില്‍ ബുദ്ധ സന്യാസിമാര്‍ ജനങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതാണ് ഉണ്ടായിരുന്നത്. സത്യപ്രതിജ്ഞ സമയത്ത് രാജേന്ദ്ര പാല്‍ ഗൗതം വേദിയില്‍ തന്നെ ഉണ്ടായിരുന്നു. ‘ഞാന്‍ ഒരിക്കലും ബ്രഹ്‌മാവിനെയോ വിഷ്ണുവിനെയോ മഹേഷിനെയോ ദൈവമായി കാണുകയില്ല, അവരെ ആരാധിക്കുകയുമില്ല. ഞാന്‍ രാമനെയും കൃഷ്ണനെയും ദൈവമായി കാണുകയില്ല, അവരെ ഒരിക്കലും ആരാധിക്കുകയുമില്ല. ഗൗരി ഗണപതി തുടങ്ങിയ ഹിന്ദുമതത്തിലെ ഒരു ദേവതയെയും ഞാന്‍ വിശ്വസിക്കുകയോ ആരാധിക്കുകയോ ചെയ്യില്ല.’- വീഡിയോയില്‍ രാജേന്ദ്ര ഗൗതം സത്യപ്രതിജ്ഞ ചെയ്തിരുന്നത് ഇങ്ങനെയായിരുന്നു.
വിജയദശമി ദിനത്തില്‍ ഡല്‍ഹിയിലെ കരോള്‍ബാഗില്‍ സ്ഥിതി ചെയ്യുന്ന അംബേദ്കര്‍ ഭവനില്‍ രാജേന്ദ്ര പാല്‍ ഗൗതമിന്റെ സാന്നിധ്യത്തിലായിരുന്നു ഈ പരിപാടി നടന്നത്.