കൊച്ചി: പ്രമുഖ സ്വര്‍ണവ്യാപാരികളായ ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ജോയ് ആലുക്കാസ് വർഗീസിന്റെ 305.84 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഹവാല വഴി ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് മാറ്റുകയും പിന്നീട് ഈ കള്ളപ്പണം ജോയ് ആലുക്കാസ് വർഗീസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ദുബൈയിലെ ജോയ് ആലുക്കാസ് ജ്വല്ലറി എൽഎൽസിയിൽ നിക്ഷേപിക്കുകയും ചെയ്തതിനാണ് ഇത്.
1999 ലെ ഫെമ സെക്ഷൻ നാല് ലംഘിച്ചതിന് സെക്ഷൻ 37എ പ്രകാരമാണ് നടപടിയെന്ന് ഇഡി അറിയിച്ചു. പ്രമുഖ ജ്വല്ലറി ശൃംഖലയായ ജോയ് ആലുക്കാസ് സ്ഥാപനങ്ങളിൽ ഫെമ നിയമ ലംഘനം ആരോപിച്ചാണ് റെയ്ഡ് നടന്നത്. ദിവസങ്ങൾക്ക് ശേഷമാണ് ആസ്ഥി കണ്ടുകെട്ടുന്നത് . ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് (ഫെമ) നിയമവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിച്ചു എന്ന ആരോപണം ഉന്നയിച്ചാണ് റെയ്ഡ് നടന്നത് . ഇന്ത്യയിൽ നിന്ന് ഹവാല ഇടപാടിലൂടെ ദുബായിലേക്ക് പണം കൈമാറ്റം ചെയ്യുകയും പിന്നീട് ജോയ് ആലുക്കാസ് വർഗീസിൻെറ ഉടമസ്ഥതയിലുള്ള ദുബായിലെ ജോയ് ആലുക്കാസ് ജ്വല്ലറി എൽഎൽസിയിൽ പണം നിക്ഷേപിക്കുകയും ചെയ്തു എന്നതാണ് കേസ് എന്നാണ് റിപ്പോർട്ടുകൾ.
കണ്ടുകെട്ടിയ ആസ്തിയിൽ വസ്തു ഉൾപ്പെടെ ഉണ്ടെന്നാണ് വിവരം. ഇതിൽ തൃശ്ശൂർ ശോഭ സിറ്റിയിലെ 81.54 കോടി രൂപയുടെ റെസിഡൻഷ്യൽ ബിൽഡിങ്, മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ തുക എന്നിവയും ഉൾപ്പെടുന്നു. അതേസമയം ജോയ് ആലുക്കാസ് ഗ്രൂപ്പ് വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫിസ്, കമ്പനിയുടെ ഡയറക്ടറുടെ താമസസ്ഥലങ്ങൾ എന്നിവയുൾപ്പെടെ അഞ്ച് സ്ഥലങ്ങളിൽ 22ന് ഇഡി പരിശോധന നടത്തിയിരുന്നു. ഹവാല ഇടപാടുകളിൽ ജോയ് ആലുക്കാസിന്റെ പങ്കാളിത്തത്തിനുള്ള തെളിവുകൾ ഔദ്യോഗിക രേഖകൾ, മെയിലുകൾ, സ്റ്റാഫ് അംഗങ്ങള്‍ എന്നിവരില്‍ നിന്നും ശേഖരിച്ചിരുന്നു.
നിയമവിരുദ്ധമായി കൈമാറ്റം ചെയ്യപ്പെട്ട കള്ളപ്പണത്തിന്റെ ഗുണഭോക്താവായി ജോയ് ആലുക്കാസ് മാറുകയും ഫെമ പ്രകാരം നടപടിക്ക് ബാധ്യസ്ഥനാകുകയും ചെയ്തതായി ഇഡി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ജോയ് ആലുക്കാസ് നേരത്തെ പ്രഖ്യാപിച്ചിരുന്ന പ്രാഥമിക ഓഹരി വിൽപ്പനയിൽ നിന്ന് കഴിഞ്ഞ ദിവസം പിൻമാറിയിരുന്നു. ചൊവ്വാഴ്ചയാണ് കമ്പനിയുടെ സാമ്പത്തിക ഫലങ്ങളിൽ കാര്യമായ മാറ്റങ്ങൾ ഉൾപ്പെടുത്താൻ കൂടുതൽ സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി 2,300 കോടി രൂപയുടെ പ്രാഥമിക ഓഹരി വിൽപന പിൻവലിച്ചത്. ജോയ്ആലുക്കാസിന് ഇന്ത്യയിലെ 68 നഗരങ്ങളിലായി ഷോറൂമുകൾ ഉണ്ട്. രാജ്യത്തെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിലർമാരിൽ ഒന്നാണ് കമ്പനി. ഗ്രൂപ്പിന് ലോകമെമ്പാടുമുള്ളത് 160-ഓളം ഷോറൂമുകൾ ആണ്. ഗൾഫ് രാജ്യങ്ങൾക്ക് പുറമേ യുഎസ്, യുകെ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും സാന്നിധ്യമുണ്ട്.