ഇന്ത്യൻ സ്കൂള്‍ നിലവിലെ സാഹചര്യത്തില്‍ ഇത്രയേറെ സാമ്പത്തീക പ്രതിസന്ധിയിലാക്കിയത് നിലവില്‍ രക്ഷിതാക്കളല്ലാത്ത ഭരണകര്‍ത്താക്കളായവരുടെ അശ്രദ്ധയും തെറ്റായ സമീപനങ്ങളുമാണെന്ന ധാര്‍മ്മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് ആ സ്ഥാനങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണമെന്ന് യു.പി.പി.ഭാരവാഹികള്‍ നടത്തിയ പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രാജ്യത്ത് കോവിഡ് സാഹചര്യം കഴിഞ്ഞിട്ടും അതിന്‍റെ ആനുകൂല്ല്യവും പറഞ്ഞ് ഭരണത്തില്‍ കടിച്ചു തൂങ്ങി നില്‍ക്കുന്നതില്‍ എന്ത് ന്യായമാണുള്ളത്.തങ്ങളുടെ കുട്ടികള്‍ സ്കൂളില്‍ പഠിക്കുന്നില്ല എന്ന ഒറ്റ കാരണം കൊണ്ടാണോ പൊതു പരിക്ഷയ്ക്ക് മറ്റുള്ള സ്കൂളില്‍ എത്തി ചേരേണ്ട കുട്ടികള്‍ക്ക് നേരത്തെ ബന്ധപ്പെട്ടവര്‍ക്ക് അറിവുണ്ടായിട്ടും യാത്രാ സൗകര്യം നിഷേധിച്ചത്.ഈ ഒരാവശ്യത്തിനായി മാത്രം സാധാരണക്കാരായ ഓരോ രക്ഷിതാവും അന്‍പതോ അറുപതോ ദിനാര്‍ മുടക്കാന്‍ നിര്‍ബന്ധിതരാകുകയാണ് ചെയ്യുന്നത്. ഇന്ത്യന്‍ സ്കൂളിലെ ഏതൊരു കുട്ടിയും വിദ്യാഭ്യാസത്തിന് വേണ്ടി ട്യൂഷനെ ആശ്രയിക്കേണ്ട സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. ഇങ്ങിനെ വിദ്യാഭ്യാസ നിലവാരം കുറഞ്ഞതിന് കാരണം പഠനത്തേക്കാള്‍ പ്രമുഖ്യം പാഠ്യേതര വിഷയങ്ങളില്‍ നല്‍കിയത് കൊണ്ടാണ് 2015 മുതല്‍ 2023 വരെ ഫീസ് കൂട്ടി പിരിച്ചെടുത്ത ലക്ഷകണക്കിന് ദിനാറുകള്‍ സ്കൂളില്‍ ഒരു നിര്‍മ്മാണപ്രവര്‍ത്തനവും നടക്കാത്ത സാഹചര്യത്തില്‍ എന്തിന് വേണ്ടി ചെലവഴിച്ചെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കേണ്ടതുണ്ട്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിലേറെയായി വാര്‍ഷിക ജനറല്‍ ബോഡിയില്‍ രക്ഷിതാക്കളുടെ അഭിപ്രായങ്ങള്‍ക്കും വാക്കുകള്‍ക്കും ഒരു വിലയും കല്‍പ്പിക്കാതെ ഓഡിറ്റ് ചെയ്ത ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ രക്ഷിതാക്കള്‍ക്ക് തുറന്ന ചര്‍ച്ചയ്ക്ക് പോലും സമയം അനുവദിക്കാതെ കമ്മറ്റിയംഗങ്ങള്‍ തന്നെ അവതരിപ്പിക്കുകയും അംഗീകരിക്കുകയും കൈയ്യടിച്ച് പാസ്സാക്കുകയും ചെയ്യുന്നത് എന്ത് നീതിയാണ്.കോവിഡ് കാലഘട്ടം കഴിഞ്ഞിട്ടും ആ ആനുകൂല്ല്യത്തിന്‍റെ പേരില്‍ രക്ഷിതാക്കളല്ലാത്തവര്‍ രക്ഷിതാക്കളായവരെയും അവരുടെ സ്കൂളിനേയും ഏകാധിപതിയെ പോലെ എക്കാലവും ഭരിക്കണം എന്നാഗ്രഹിക്കുന്നതില്‍ എന്ത് ജനാധിപത്യ മര്യാദയാണുള്ളത്.കഴിഞ്ഞ ഫെയര്‍ നടത്തിപ്പുകളിലും ടിക്കറ്റുകളിലെ ക്രമക്കേടുകളിലും പൊതു സമൂഹത്തിനുണ്ടായ ആശയകുഴപ്പം മാറ്റാനുള്ള ശ്രമം ഇത് വരെ ഭരണ സമിതിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.ശരിയായ സമയത്ത് വാര്‍ഷിക ജനറല്‍ ബോഡി പോലും നടത്താതിരിക്കുന്നത് അനര്‍ഹമായ സ്ഥാനത്തിരിക്കുന്നതിലെ ലജ്ജയും രക്ഷിതാക്കളാല്‍ ചോദ്യം ചെയ്യപ്പെടുമെന്ന ഭയം കൊണ്ടുമാണെന്ന് പൊതു സമൂഹത്തിനറിയാമെന്ന കാര്യം ബന്ധപ്പെട്ടവര്‍ വിസ്മരിക്കരുത് എന്നും ഇന്ന് നടന്ന പത്ര സമ്മേളനത്തില്‍ യു.പി.പി ഭാരവാഹികൾ പറഞ്ഞു. യു.പി.പി ചെയര്‍മാന്‍ എബ്രഹാം ജോൺ,ബിജു ജോർജ്,ഹരീഷ് നായർ,സുരേഷ് സുബ്രമണ്യം,ഫൈസൽ. എഫ്.എം,ജ്യോതിഷ് പണിക്കർ,ദീപക് മേനോൻ,ജോൺ ബോസ്കോ,അൻവർ ശരനാട്,ജോൺ തരകൻ,മോഹൻ നൂറനാട്,സെയ്ദ് ഹനീഫ് എന്നിവര്‍ പങ്കെടുത്തു. മോനി ഒടിക്കണ്ടത്തിൽ,അനിൽ യു കെ, ജോർജ് മാത്യു,അജി ജോർജ്,തോമസ് ഫിലിപ്പ് എന്നിവര്‍ സന്നിഹിതരായി.