ഇ.എം.എസും ,എ.കെ.ജിയും ആധുനിക കേരളത്തിന്റെ ശില്പികൾ ; കെ.പി.സതീഷ് ചന്ദ്രൻ.

  • Home-FINAL
  • Business & Strategy
  • ഇ.എം.എസും ,എ.കെ.ജിയും ആധുനിക കേരളത്തിന്റെ ശില്പികൾ ; കെ.പി.സതീഷ് ചന്ദ്രൻ.

ഇ.എം.എസും ,എ.കെ.ജിയും ആധുനിക കേരളത്തിന്റെ ശില്പികൾ ; കെ.പി.സതീഷ് ചന്ദ്രൻ.


മനാമ : കേരളം എന്ന മലയാളിയുടെ മാതൃഭൂമിയെ കുറിച്ച് ഓർക്കുമ്പോൾ അതിനൊപ്പം ചേർത്ത് വായിക്കേണ്ട ഏറ്റവും പ്രമുഖമായ രണ്ട് നാമധേയങ്ങളാണ് സഖാക്കൾ ഇ.എം.എസും എ.കെ.ജിയുമെന്ന് സി.പി.ഐ എം. സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സതീഷ് ചന്ദ്രൻ പറഞ്ഞു. ബഹ്റൈൻ പ്രതിഭ നടത്തിയ ഇ.എം.എസ് -എ.കെ ജി ആധുനിക കേരളത്തിന്റെ ശില്പികൾ എന്ന അനുസ്മരണ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ പഠിക്കുന്ന സമയത്ത് തന്റെ പൂണുൽ പൊട്ടിച്ച് കത്തിച്ച് കവറിലാക്കി തപാൽ മുഖാന്തിരം വേദ നേതൃത്വത്തിന് അയച്ച് കൊടുക്കുകയായിരുന്നു പിന്നീട് നവകേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സഖാവ് ഇ എം എസ് ചെയ്തത്. സമൂഹത്തിൽ രൂഢമൂലമായ ജാതി ആചാരങ്ങൾക്കും , അയിത്ത ബോധത്തിനും അന്ധവിശ്വാസങ്ങൾക്കും എതിരെ പടപൊരുതിയ രാജാറാം മോഹൻ റായ്, വിവേകാനന്ദൻ , ആറാട്ടുപുഴ വേലായുധപണിക്കർ എന്നീ മഹിഷികൾക്കൊപ്പമോ അതിലുമു യരത്തിലോ സാമൂഹ്യ പുരോഗതിക്കായ് പ്രവർത്തിച്ച ധീര വിപ്ലവകാരിയായിരുന്നു ഇ.എം.എസ്. ആധുനിക കേരളം ഇന്ന് കാണുന്ന വികസന കുതിപ്പിലേക്ക് എത്തിച്ചേരാൻ ഇ.എം.എസിന്റെ ദീർഘദർശിത്വമായ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ശ്രീ ജവഹർലാൽ നെഹ്റുവിന്റെ ജീവചരിത്രം എഴുതി കൊണ്ട് തുടങ്ങിയ ആ തൂലികയിലൂടെ പിന്നീട് ഇന്ത്യാ രാജ്യത്തിന്റെ മാറ്റങ്ങൾക്ക് കാരണമാകുന്ന നിരവധിയായ മാർക്സിസ്റ്റ് – ലെനിസ്റ്റ് കൃതികൾ രചിക്കപ്പെട്ടു. കേരളം ലോകത്തിന് സംഭാവന ചെയ്ത മാർക്സിസ്റ്റ് ദാർശനികനായി വളർന്ന ഇ.എം.എസ് സാധാരണക്കാരായ മനുഷ്യർക്ക് ലോക ചലനങ്ങൾ ഏറ്റവും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന വിധത്തിൽ സംസാരിച്ചു.

പാവങ്ങളുടെ പടത്തലവൻ എന്ന് കേരളീയരാൽ വിശേഷിപ്പിക്കപ്പെട്ട സഖാവ് എ.കെ. ജി. ചെയ്ത സമരങ്ങൾ ഒന്നും തന്നെ കമ്മ്യുണിസ്റ്റ് പാർട്ടികൾക്ക് മാത്രം വേണ്ടിയായിരുന്നില്ല. ഏറ്റവും സാധാരണക്കാർക്ക് വേണ്ടി നിലകൊണ്ട ആ മഹനീയ വ്യക്തിത്വത്തെ ഗൂരുവായുരിലെ ജാതിയിൽ താണ ഹിന്ദുഭക്ത ജനങ്ങൾ നടത്തിയ ക്ഷേത്ര പ്രവേശന സമരത്തിലും , ഭൂമിയില്ലാതെ ആയ കമ്മുണിസ്റ്റ് പാർട്ടിയുടെ അനുഭാവികൾ പോലുമല്ലാത്തവർ പോലും ഉൾപ്പെട്ട അമരാവതി ഭൂസമരത്തിലും ഒരേ സമയം കാണാം.

ഇങ്ങനെ കേരളീയ ജനതക്കൊപ്പം നില കൊണ്ട അത്യപൂർവ്വമായ വ്യക്തിത്വങ്ങളെ സ്മരിച്ചു കൊണ്ട് നിലകൊള്ളുക എന്നതിനർത്ഥം അവർ ഏറ്റെടുത്ത സാമുഹിക വികാസ പ്രകിയയിൽ അണി ചേരുക എന്നതാണ്. അതാണ് പ്രവാസ മണ്ണിൽ ഈ അനുസ്മരണ പരിപാടിയിലുടെ പ്രതിഭ ഏറ്റെടുക്കുന്നതെന്ന് ശ്രീ.കെ.പി.സതീഷ് ചന്ദ്രൻ കൂട്ടി ചേർത്തു.

കേരളത്തിന് അർഹമായ ഫണ്ടുകൾ നൽകാതെ സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്ന വികസന പദ്ധതികളെയും സാമൂഹ്യക്ഷേമ പെൻഷനുകളെയും താമസിപ്പിച്ച് ഇടതുപക്ഷ സർക്കാറിനെ ഇല്ലായ്മ ചെയ്ത് കളയാം എന്ന ദിവാസ്വപ്നത്തിലാണ് ആർ.എസ് എസ് നേതൃത്വം കൊടുക്കുന്ന കേന്ദ്രത്തിലെ ബി.ജെ.പി. സർക്കാർ . എന്നാൽ അതിനൊയൊക്കെ ഇച്ഛാശക്തി കൊണ്ട് മറികടക്കാൻ കഴിയുമെന്ന വിളംബരമാണ് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷ് നയിക്കുന്ന ജനകീയ രക്ഷായാത്രയിലേക്ക് കടല് പോലെ ഒഴുകി വരുന്ന ജനക്കൂട്ടം എന്നും അദ്ദേഹം ചൂണ്ടികാട്ടി.പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത് യോഗത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ബഹ്റൈൻ കെ.സി.എ. ഹാളിൽ നടന്ന സഖാക്കൾ ഇ.എം.എസ്.എ.കെ.ജി അനുസ്മരണ പ്രഭാഷണത്തിന് പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതം പറഞ്ഞു. പ്രതിഭ പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ അദ്ധ്യക്ഷത വഹിച്ചു.

Leave A Comment