ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍

ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍


അവിഹിതബന്ധം മറച്ചുവെക്കാൻ പോൺ സിനിമാനടിക്ക് പണംനൽകിയെന്ന കേസിൽ കോടതിയിൽ കീഴടങ്ങാനെത്തിയ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കോടതി നടപടികൾക്ക് മുന്നോടിയായാണ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസിൽ, ന്യൂയോർക്കിലെ മാൻഹട്ടൻ കോടതി ട്രംപിന് മേൽ ക്രിമിനൽകുറ്റം ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കോടതിയിൽ ഹാജരാകാനെത്തിയത്. കോടതി നടപടികൾക്കു ശേഷം ട്രംപിനെ സ്വന്തംജാമ്യത്തിൽ വിട്ടയച്ചേക്കും.

2016 യു.എസ് തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് പോൺ സിനിമാതാരം സ്റ്റോമി ഡാനിയേൽസിന് 1.30 ലക്ഷം ഡോളർ (1.07 കോടിയോളം രൂപ) നൽകിയെന്നാണ് ട്രംപിനെതിരായ ആരോപണം. നേരത്തെയും ട്രംപിനെതിരെ ആരോപണങ്ങളുമായി സ്റ്റോമി രംഗത്ത് വന്നിട്ടുണ്ട്. 2006-ൽ കാലിഫോർണിയയിലെ ലേക്ക് ടോഹോ ഹോട്ടലിൽവെച്ച് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു സ്റ്റോമിയുടെ വെളിപ്പെടുത്തൽ. ഈ വിഷയം ഒത്തുതീർപ്പാക്കുന്നതിനായാണ് ട്രംപ് അവർക്ക് പണം നൽകിയതെന്നാണ് നിലവിലെ ആരോപണം. ഇതിനുപുറമെ ഇത്തരമൊരു ആവശ്യത്തിനായി അദ്ദേഹം ഉപയാഗിച്ച പണം തിരഞ്ഞെടുപ്പ് ഫണ്ടിൽനിന്ന് വകമാറ്റിയതാണെന്നും ആരോപണമുണ്ട്.

അതേസമയം ട്രംപിന്റെ നൂറുകണക്കിന് അനുയായികൾ കോടതി പരിസരത്ത് എത്തിച്ചേർന്നിട്ടുണ്ട്. കാപ്പിറ്റോൾ കലാപത്തിന്റെ ഓർമയിൽ
ട്രംപ് അനുകൂലികളുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

Leave A Comment