റിയാദ്: സൗദിയുടെ കായിക ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി പെൺകുട്ടി ദേശീയ ഗെയിംസിന്‍റെ ഭാഗമാകുന്നു.സൗദി ദേശീയ ഗെയിംസിലാണ് മലയാളിയായ കൊടുവള്ളിക്കാരി ഖദീജ നിസയുമുള്ളത്. 44 കായിക ഇനങ്ങളിൽ സഊദിയിലെ താരങ്ങൾ ഏറ്റുമുട്ടുമ്പോൾ ബാഡ്മിന്‍റൺ വ്യക്തിഗത ചാമ്പ്യൻഷിപ്പിലാണ് 16 കാരി ഖദീജ നിസ പോരാടാനെത്തുന്നത്.
രണ്ടര മാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സൗദിയിലെയും വിദേശത്തെയും താരങ്ങളോട് ഏറ്റുമുട്ടിയാണ് ഖദീജ നിസ ഈ നേട്ടം സ്വന്തമാക്കിയത്.സൗദിയിൽ ജനിച്ച വിദേശികൾക്കും ഗെയിംസിൽ പങ്കാളികളാകാം എന്ന ഇളവാണ് ഖദീജ നിസക്ക് സഹായകമായത്. റിയാദിൽ ജോലിചെയ്യുന്ന കൊടുവള്ളി കൂടത്തിങ്കൽ ലത്തീഫ് കോട്ടൂരിന്റെയും ഷാനിദയുടെയും മൂന്നാമത്തെ മകളാണ് ഖദീജ നിസ.
ബാഡ്മിന്‍റണിൽ നിരവധി നേട്ടങ്ങൾ കൊയ്താണ് ഖദീജ സൗദിയുടെ ദേശീയ ഗെയിംസിൽ പോരാടാനെത്തിയത്. പിതാവ് ലത്തീഫിൽനിന്ന് കിട്ടിയ പ്രചോദനമാണ് അവരെ ഈ മേഖലയിലേക്ക് എത്തിച്ചത്. കൊടുവള്ളിയിലെ കായികപ്രേമികളായ ഒരുകൂട്ടം യുവാക്കളുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്ന യൂനിറ്റാസ് ഇൻഡോര്‍ സ്‌റ്റേഡിയം, എക്സ്പ്രസ് ബാഡ്മിന്റൺ കോർട്ട്, സൗദി അറേബ്യയിലെ സിൻമാർ ബാഡ്മിന്റൺ അക്കാദമി, ഇന്ത്യൻ ബാഡ്മിന്റൺ അക്കാദമി, കാലിക്കറ്റ് കോർപറേഷൻ ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിൽനിന്ന് ചെറുപ്രായത്തില്‍ ലഭിച്ച പരിശീലനമാണ് ബാഡ്മിന്റണ്‍ രംഗത്തേക്ക് ഉപ്പയെയും മകളെയും കൈപിടിച്ചുയര്‍ത്തിയത്.
ഖദീജ നിസ കുടുംബാംഗങ്ങളോടൊപ്പം നാട്ടിൽ ബാഡ്മിന്‍റൺ കളിച്ചിരുന്ന ലത്തീഫ് സൗദിയിൽ സിൻമാർ ബാഡ്മിന്റൺ അക്കാദമിയിൽ അംഗത്വം നേടിയപ്പോൾ കുടുംബത്തെയും ഒപ്പം കൂട്ടുകയായിരുന്നു. ഖദീജ നിസ വയനാട് ജില്ല ചാമ്പ്യനും സഊദി അറേബ്യയിലെ നാഷനല്‍ സബ്ജൂനിയര്‍ സിംഗ്ള്‍സ് ചാമ്പ്യനും ജി.സി.സി ചാമ്പ്യനുമാണ്. ഇന്ത്യന്‍ നാഷനല്‍ സി.ബി.എസ്.ഇ സ്‌കൂള്‍ ഗെയിംസില്‍ വെങ്കല മെഡലിസ്റ്റും കേരള സ്റ്റേറ്റ് ബാഡ്മിന്റണില്‍ ജൂനിയര്‍ വിഭാഗത്തില്‍ ബ്രൗണ്‍സ് മെഡലിസ്റ്റുമാണ്.