പുതു ചരിത്രം; ഇന്ത്യൻ വംശജൻ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക്.

  • Home-FINAL
  • Business & Strategy
  • പുതു ചരിത്രം; ഇന്ത്യൻ വംശജൻ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക്.

പുതു ചരിത്രം; ഇന്ത്യൻ വംശജൻ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക്.


ലണ്ടൻ: ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക്. തെരഞ്ഞെടുപ്പിൽ നിന്ന് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പിൻമാറിയതോടെയാണ് ഋഷി സുനകിന്റെ സാധ്യത ഏറിയത്. ഇന്നലെ ഋഷി സുനകിന് 157 എം പിമാരുടെ പിന്തുണ ലഭിച്ചു. എന്നാൽ ബോറിസ് ജോൺസണ് 57 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ഇതോടെയാണ് ബോറിസ് ജോൺസൺ പിന്മാറിയത്. മത്സരത്തിന് അനുയോജ്യമായ സമയമല്ലെന്ന് ബോറിസ് ജോൺസൺ പ്രതികരിച്ചു. കഴിഞ്ഞ തവണ അവസാന റൗണ്ടിൽ ലിസ് ട്രസിനോട് കീഴടങ്ങിയ പെനി മോർഡന്റ് ആണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച മറ്റൊരാൾ.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കുമെന്നാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിക്കൊണ്ട് ഋഷി സുനക് പ്രഖ്യാപിച്ചത്. ബ്രിട്ടൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ചാൻസലറായിരിക്കെ മോശം ഘട്ടത്തിൽ രാജ്യത്തിന്റെ സമ്പദ്ഘടനയെ മുന്നോട്ടുകൊണ്ടുപോകാൻ തനിക്കായിട്ടുണ്ട്. എന്നാൽ, ഇപ്പോൾ നേരിടുന്ന വെല്ലുവിളികൾ കുറച്ചുകൂടി വലുതാണ്. കൺസർവേറ്റീവ് പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകുമെന്നും രാജ്യത്തിനു വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യുമെന്നും ഋഷി സുനക് അവകാശപ്പെട്ടു.

ഇന്ത്യൻസമയം തിങ്കളാഴ്ച വൈകീട്ട് ആറരവരെ നാമനിർദേശപത്രിക സമർപ്പിക്കാം. പെന്നി മോർഡന്റ്, ഋഷി സുനക് എന്നിവർക്കൊപ്പം ബോറിസ് ജോൺസനും മത്സരിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വാർത്തകൾ. ലിസ് ട്രസ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചതിനു പിന്നാലെ കരീബിയയിലെ അവധിക്കാല ആഘോഷങ്ങൾ നിർത്തിവച്ച് ബോറിസ് ബ്രിട്ടനിൽ തിരിച്ചെത്തിയിരുന്നു. ഇതിനുശേഷം സുനകുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തിയിരുന്നു. കാര്യങ്ങൾ വോട്ടെടുപ്പിലേക്ക് നീങ്ങിയാൽ ഈ മാസം 28ഓടെ പുതിയ പ്രധാനമന്ത്രിയെ അറിയാനാകും. 2024 ഡിസംബറിലാണ് ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്.

സാമ്പത്തികനയങ്ങളുടെ പേരിൽ വിമർശനം നേരിട്ട പ്രധാനമന്ത്രി ലിസ് ട്രസ് വ്യാഴാഴ്ച രാജിപ്രഖ്യാപിച്ചതിനാലാണ് തെരഞ്ഞെടുപ്പ്. അഴിമതികളിൽപ്പെട്ട് ജൂലായിൽ ബോറിസ് ജോൺസൺ രാജിവെച്ചതിനെത്തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ ഋഷി സുനക്കിനെ തോൽപ്പിച്ചാണ് ലിസ് അധികാരത്തിലേറിയത്. ഇൻഫോസിസ് സഹ സ്ഥാപകൻ നാരായണമൂർത്തിയുടെ മകൾ അക്ഷതയുടെ ഭർത്താവാണ് സുനക്.

Leave A Comment