ദുബായ: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് ജയം. അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ തകര്‍ത്തെറിഞ്ഞത്. രവീന്ദ്ര ജഡേജയുടെയും, ഹര്‍ദിക് പാണ്ഡ്യയുടെയും ചെറുത്തുനില്‍പ്പാണ് ഇന്ത്യക്ക് ആവേശ ജയം സമ്മാനിച്ചത്. രവീന്ദ്ര ജഡേജ 29 പന്തില്‍ 35 റണ്‍സെടുത്തു. രണ്ട് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്സ്. ഹര്‍ദിക് പാണ്ഡ്യ 17 പന്തില്‍ നാല് ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 33 റണ്‍സ് നേടി പുറത്താകാതെ നിന്നു.
തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ആദ്യ ഓവറില്‍ തന്നെ കെഎല്‍ രാഹുലിനെ ക്ലീന്‍ ബൗളാക്കി നസീം ഷാ ഇന്ത്യക്ക് തിരിച്ചടി നല്കി. റണ്‍സൊന്നും എടുക്കാതെയായിരുന്നു രാഹുലിന്റെ പുറത്താകല്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 18 പന്തില്‍ 12 നേടി. മുഹമ്മദ് നാവാസാണ് രോഹിത്തിനെ പുറത്താക്കിയത്. 34 പന്തില്‍ 35 റണ്‍സ നേടിയ വിരാട് കോഹ്ലി ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചു. മൂന്ന് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്. സൂര്യകുമാര്‍ യാദവ് 18 ബോളില്‍ 18 റണ്‍സെടുത്ത് പുറത്തായി. പാകിസ്താനായി മുഹമ്മദ് നവാസും മൂന്ന് വിക്കറ്റും,നസീം ഷാ രണ്ട് വിക്കറ്റും നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് 19.5 ഓവറില്‍ പുറത്തായി. ഇന്ത്യയുടെ തകര്‍പ്പന്‍ ബൗളിങ്ങാണ് പാകിസ്താനെ പിടിച്ച് കെട്ടിയത്. പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിനെ പുറത്താക്കി ഭുവനേശ്വര്‍ കുമാറാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. 10 റണ്‍സെടുത്ത് ഫഖര്‍ സമാനെ ദിനേശ് കാര്‍ത്തിക്കിന്റെ കൈയിലെത്തിച്ച് ആവേശ് ഖാന് പാകിസ്താനെ വീണ്ടും ഞ്ഞെട്ടിച്ചു. 42 പന്തില്‍ 43 റണ്‍സെടുത്ത് ഓപ്പണര്‍ മുഹമ്മദ് റിസ്വാനാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. മധ്യനിരയില്‍ 22 പന്തില്‍ 28 റണ്‍സെടുത്ത ഇഫ്തിക്കര്‍ അഹമ്മദിന് മാത്രമാണ് പിടിച്ചുനിക്കാനായത്. അഹമ്മദിനെ ദിനേശ് കാര്‍ത്തിക്കിന്റെ കൈയിലെത്തിച്ച് ഹര്‍ദിക് പാണ്ഡ്യ മടക്കി അയച്ചു.
ക്യത്യമായ ഇടവേളയില്‍ വിക്കറ്റുകള്‍ വീഴ്ത്തി പാകിസ്താനെ പതര്‍ച്ചയിലേക്ക് തളളി വിടാന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളിങ്ങിനായി. ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ഹര്‍ദിക് പാണ്ഡ്യ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. അര്‍ഷദീപ് സിംഗ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍, ആവേഷ് ഖാന് ഒരു വിക്കറ്റും സ്വന്താക്കി. ഇന്ത്യന്‍ ഫാസ്റ്റ് ബൗളിങ്ങിന്റെ തകര്‍പ്പന്‍ പ്രകടനത്തിനാണ് ദുബായ് രാജ്യാന്തര സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 31-ാം തിയതി ഹോങ്കോങിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.