ബഫര്‍ സോണില് പ്രതിഷേധം തണുപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍ നല്‍കിയ ആധികാരിക രേഖ പുറത്തുവിടാനും ഫീല്‍ഡ് സര്‍വെ നടത്താനും മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം തീരുമാനമായി.ഇതിന്റെ ഭാഗമായി ബുധനാഴ്ച വനം, റവന്യൂ, തദ്ദേശ വകുപ്പുകളുടെ സംയുക്ത യോഗം വിളിക്കും . ബഫര്‍സോണുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍ രേഖ സമര്‍പ്പിച്ചിരുന്നു. ജനവാസ മേഖലകളെ ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം രേഖയില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായി ഈ രേഖ പ്രസിദ്ധപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മാപ്പ് ആധികാരിക രേഖയല്ല. അതുകൊണ്ടാണ് സുപ്രീം കോടതിയിലേക്ക് സമര്‍പ്പിച്ചിരിക്കുന്ന യഥാര്‍ഥ രേഖകള്‍ പ്രസിദ്ധപ്പെടുത്താനുള്ള തീരുമാനം യോഗത്തില്‍ ഉണ്ടായിരിക്കുന്നത്. ഫീല്‍ഡ് സര്‍വെ നടത്താൻ വനം, റവന്യൂ, തദ്ദേശ വകുപ്പുകളെ ചുമതലപ്പെടുത്തി. എത്രയും പെട്ടെന്ന് ഫീല്‍ഡ് സര്‍വെ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.ജനങ്ങളുടെ ആശങ്ക പരിഹരിക്കാനായി എടുത്ത നടപടികള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്തും. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിന്മേല്‍ പരാതി നല്കാനുള്ള സമയ പരിധി അടുത്ത മാസം അഞ്ച് വരെ നീട്ടും. പരാതി നല്കാനുള്ള സമയ പരിധി ഈ മാസം 23ന് തീരുകയായിരുന്നു. ഫീല്‍ഡ് സര്‍വേ അതിവേഗം തുടങ്ങും.