കളമശേരി: ഹോട്ടലുകളില്‍ ഷവര്‍മ്മയും മറ്റും തയ്യാറാക്കി നല്‍കാനായി വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ച 500 കിലോയോളം അഴുകിയ കോഴിയിറച്ചി നഗരസഭാ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു.
കളമശേരി കൈപ്പടുകളില് വെളുത്തേടത്ത് നാസര്‍ എന്നയാള്‍ വാടകയ്ക്കു നല്കിയ വീട്ടില്‍ നിന്ന് വ്യാഴം രാവിലെ 8.30 ഓടെയാണ് ഉദ്യോഗസ്ഥര്‍ മാംസം പിടിച്ചെടുത്തത്. മണ്ണാര്‍ക്കാട് സ്വദേശി ജുനൈസ് എന്നയാളാണ് വീട് വാടകയ്ക്കെടുത്തത്. ബുധന്‍ രാത്രി 11ഓടെ ദുര്ഗന്ധമുയര്ന്ന സാഹചര്യത്തില്‍ അയര്‍ക്കാര്‍ ഫോണ്‍ ചെയ്ത് അറിയിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധനാ സമയത്ത് ഉടമയൊ തൊഴിലാളികളോ സ്ഥലത്തില്ലായിരുന്നു.കളമശേരി പ്രദേശത്തെ ഹോട്ടലുകളിലേക്ക് ഷവര്‍മ്മ തയാറാക്കി നല്‍കുന്നത് ഇവാരാണെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥന് ടി സുനില്‍ പറഞ്ഞു. തമിഴ്നാട്ടില്‍ നിന്നെത്തിച്ചതാണ് മൂന്ന് ഫ്രീസറ്റുകളിലായി സൂക്ഷിച്ച മാംസം. സ്ഥലത്തു നിന്ന് പാചകത്തിനായി വലിയ കന്നാസുകളില്‍ സൂക്ഷിച്ച കരി ഓയില്‍ പോലുള്ള പാചക എണ്ണയും പാചക സാമഗ്രികളും പിടിച്ചെടുത്തു. മാംസം ബ്രഹ്മപുരത്തെത്തിച്ച് സംസ്കരിക്കുമെന്നും ബന്ധപ്പെട്ടവരില്‍ നിന്ന് നിയമാനുസൃത പിഴ ഈടാക്കുമെന്നും നഗരസഭാ സെക്രട്ടറി ജയകുമാര്‍ പറഞ്ഞു.