ന്യൂഡല്‍ഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വ്യാപനം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വൈറസ് വ്യാപന സാഹചര്യം വിലയിരുത്താന്‍ യോഗം ചേര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ജാഗ്രതയോടെ ഇരിക്കാനും നിരീക്ഷണം ശക്തമാക്കാനും ആവശ്യപ്പെട്ടുകൊണ്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏത് സാഹചര്യത്തെയും അഭിമുഖീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സജ്ജരാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും വിദഗ്ദ്ധരുമായിരുന്നു ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്. ബുധനാഴ്ച രാവിലെ 11.30ഓടെ യോഗം ആരംഭിച്ചിരുന്നു.കൊറോണ ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു.ചൈന, ജപ്പാന്, യുഎസ്, ബ്രസീല്‍, ദക്ഷിണ കൊറിയ തുടങ്ങി നിരവധി രാജ്യങ്ങളില്‍ അതിരൂക്ഷമായ കൊറോണ വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഇന്ത്യ സ്വീകരിക്കേണ്ട ജാഗ്രതയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു ആരോഗ്യമന്ത്രാലയം അടിയന്തിര യോഗം വിളിച്ചുചേര്‍ത്തത്.