ന്യൂസീലൻഡിനെതിരായ അവസാന ടി-20യിൽ ഇന്ത്യക്ക് കൂറ്റൻ ജയം. ഇന്ത്യ മുന്നോട്ടുവച്ച 235 റൺ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസീലൻഡ് 12.1 ഓവറിൽ 66 റൺസിന് ഓളൗട്ടായി. 168 റൺസിനു മത്സരം വിജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1 എന്ന സ്കോറിനു സ്വന്തമാക്കി. 25 പന്തിൽ 35 റൺസ് നേടിയ ഡാരിൽ മിച്ചൽ മാത്രമാണ് ന്യൂസീലൻഡ് നിരയിൽ തിളങ്ങിയത്. കുൽദീപ് യാദവ് ഒഴികെ ഇന്ത്യക്കായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് കോളത്തിൽ ഇടംപിടിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 234 റൺസ് നേടി. ടി-20 കരിയറിലെ ആദ്യ സെഞ്ചുറി കുറിച്ച ശുഭ്മൻ ഗില്ലാണ് (126 നോട്ടൗട്ട്) ഇന്ത്യയെ വമ്പൻ സ്കോറിലേക്ക് നയിച്ചത്. രാഹുൽ ത്രിപാഠി (22 പന്തിൽ 44), ഹാർദിക് പാണ്ഡ്യ (17 പന്തിൽ 30) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ടി-20യിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടോട്ടലാണിത്.