തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി ആരോഗ്യവകുപ്പ് . സേഫ് ഫുഡ് ഡെസ്റ്റിനേഷൻ ആക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. ഫെബ്രുവരി 1 മുതല്‍ ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത ജീവനക്കാരുള്ള ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.സംസ്ഥാനത്ത് ഹോട്ടലുകളില്‍ നടക്കുന്ന പരിശോധന ശക്തമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കർശന നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
‘ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി സാധാരണ നിലയിലാണ്. സംഭവത്തില്‍ ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ആവശ്യമായ പരിശോധനകള്‍ നടത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിര്‍ദേശം നല്‍കി. കമ്മീഷണര്‍ അതിനനുസരിച്ചുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.’
‘ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഓരോരുത്തര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് വേണമെന്ന് നിര്‍ബന്ധമാക്കിയിയിട്ടുണ്ട്. ഫെബ്രുവരി ഒന്ന് മുതല്‍ ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. വ്യാജമായി ഹെല്‍ത്ത് കാര്‍ഡ് നല്‍കിയാല്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉള്‍പ്പെടെ റദ്ദാക്കുന്ന നടപടി സ്വീകരിക്കും.തൊഴില്‍ വകുപ്പുമായി ചേര്‍ന്ന് ജീവനക്കാര്‍ താമസിക്കുന്ന ഇടങ്ങളില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവിടത്തെ ശുചിത്വവും സാഹചര്യങ്ങളും പരിശോധിക്കും. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രത്യേക ട്രെയിനിംഗ് നല്‍കും.’- മന്ത്രി പറഞ്ഞു.