ഇൻഡിഗോ വിമാന കമ്പനി നിർത്തിവെച്ചിരുന്ന ജിദ്ദ – കോഴിക്കോട്, ദമ്മാം – കോഴിക്കോട് നേരിട്ടുള്ള സർവീസുകൾ പുനഃരാരംഭിക്കുന്നു. അടുത്ത മാർച്ച് 26 മുതൽ ഇരു വിമാനത്താവളങ്ങളിൽ നിന്നും സർവീസുകൾ ആരംഭിക്കും. ഇതിനായുള്ള ടിക്കറ്റുകൾ www.goindigo.in വെബ്‍സൈറ്റിലും ട്രാവൽ ഏജൻസികളിലും ഇതിനോടകം ലഭ്യമായിട്ടുണ്ട്. ജിദ്ദയിൽ നിന്നും എല്ലാ ദിവസവും രാത്രി 12.40ന് പുറപ്പെടുന്ന വിമാനം രാവിലെ ഒമ്പതിന് കോഴിക്കോട് എത്തും. തിരികെ രാത്രി 8.30ന് കോഴിക്കോട്ട് നിന്നും പുറപ്പെടുന്ന വിമാനം രാത്രി 11.30ന് ജിദ്ദയില്‍ ഇറങ്ങും. ദമ്മാമിൽ നിന്നും രാവിലെ 11.40നാണ് സർവീസ്. ഈ വിമാനം വൈകീട്ട് 6.50ന് കോഴിക്കോട്ടെത്തും. കോഴിക്കോട് – ദമ്മാം സർവീസ് രാവിലെ 8.40നാണ്. രാവിലെ 10.40ന് ദമ്മാമിലിറങ്ങും.
നേരത്തെ ഈ സെക്ടറുകളിൽ സർവീസ് നടത്തിയിരുന്ന ഇൻഡിഗോ പിന്നീട് സർവീസുകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമുള്ള പ്രവാസികൾക്ക് ഏറെ ഉപകാരപ്പെടുന്ന രീതിയിലാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന ഇൻഡിഗോ സർവീസുകളുട സമയക്രമം.