കലോത്സവത്തിന്റെ ആദ്യ സംഘം കോഴിക്കോടെത്തി. റയിൽവെ സ്റ്റേഷനിൽ എത്തിയ സംഘത്തെ മന്ത്രിമാരായ ശിവൻകുട്ടിയും മുഹമ്മദ് റിയാസും ചേർന്ന് സ്വീകരിച്ചു കൊല്ലം – തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള സംഘമാണ് എത്തിയത്.ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെയാണ് തുടക്കമാകുക. പ്രധാനവേദിയായ വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു പതാക ഉയർത്തും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായിരിക്കും.സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടുന്ന ജില്ലയ്ക്കുള്ള സ്വർണക്കപ്പ് ഇന്ന് കോഴിക്കോട്ടെത്തിക്കും. പാലക്കാട് നിന്ന് ഘോഷയാത്രയായി കൊണ്ടുവരുന്ന സ്വർണക്കപ്പ് കോഴിക്കോട് ജില്ലാതിർത്തിയായ രാമനാട്ടുകരയിൽ വച്ച് ഏറ്റുവാങ്ങും. സംഘാടകസമിതി ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ട്രോഫി കമ്മിറ്റി ചെയർമാൻ കുഞ്ഞഹമ്മദ്കുട്ടി എംഎൽഎ, കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ്കുമാർ തുടങ്ങിയവർ ഏറ്റുവാങ്ങും.