തിരുവനന്തപുരം: നിരവധി ആരോപണങ്ങള്‍ നേരിടുന്ന കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവച്ചു. രാജിക്കത്ത് നല്‍കിയതായും എന്നാല്‍ ഇതിനു വിവാദങ്ങളുമായി ബന്ധമില്ലെന്നും ശങ്കര്‍ മോഹന്‍ അറിയിച്ചു. കാലാവധി തീര്‍ന്നതിനാലാണ് രാജിയെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.ശങ്കര്‍ മോഹനെതിരെ വിദ്യാർത്ഥികള്‍ നടത്തുന്ന സമരം 48 ദിവസത്തിലേക്ക് കടന്നിരിക്കെയാണ് . ഭരണപക്ഷത്തുനിന്ന് ഉള്‍പ്പെടെ സംഘടനകളും വ്യക്തികളും ശങ്കര്‍ മോഹനെതിരെ രംഗത്തുവന്നിരുന്നു. രാജിക്കത്ത് ചെയര്‍മാനും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലും നല്‍കിയതായി ശങ്കര്‍ മോഹന്‍ പറഞ്ഞു.രാജി പ്രഖ്യാപനം കൊണ്ട് സമരം അവസാനിക്കില്ലെന്നും ഉന്നയിച്ച പ്രശ്നങ്ങൾക്കെല്ലാം പരിഹാരം വേണമെന്നും അത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും വിദ്യാർത്ഥികൾ പ്രഖ്യാപിച്ചു.
കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്കെതിരെ വിദ്യാർത്ഥികളും ജീവനക്കാരും ഉന്നയിച്ച പരാതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍, മുന്‍ നിയമസഭാ സെക്രട്ടറി എന്‍ കെ ജയകുമാര്‍ എന്നിവരടങ്ങുന്ന സമിതിയാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
വിദ്യാർത്ഥികളും ജീവനക്കാരും ഉന്നയിച്ച പരാതികളില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് രണ്ടംഗ സമിതി സര്‍ക്കാരിന് നല്‍കിയതെന്നാണ് സൂചന. നേരത്തെ ശങ്കര്‍ മോഹനെ പിന്തുണച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ കൂടിയായ പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയത് വലിയ വിവാദങ്ങള്‍ക്കു തിരികൊളുത്തിയിരുന്നു .