റിയാദ്: വൈവിധ്യമാർന്ന പുസ്തകങ്ങളുടെ ശേഖരവുമായി
റിയാദ് അന്താരാഷ്ട്ര പുസ്തക മേള ഈ മാസം 29 മുതൽ ഒക്ടോബർ എട്ടു വരെ റിയാദ് ഫ്രണ്ട് മാളിൽ നടക്കും.
സൗദി സാംസ്കാരിക മന്ത്രാലയം ഒരുക്കുന്ന മേളയിൽ ലോകത്തിന്റെ വിവിധ കോണുകളിൽനിന്നുള്ള പ്രസാധകരും എത്തും.
പുസ്തകമേളയിൽ കേരളത്തിൽ നിന്ന് ഡി.സി ബുക്ക്സും ഹരിതം, പൂർണ, ഒലിവ് എന്നീ നാലു പ്രമുഖ പ്രസാധകരും എത്തും. എല്ലാദിവസവും രാവിലെ 11 മുതൽ അർധരാത്രി 12വരെയാണ് മേള. അറബി, ഇംഗ്ലീഷ്, മലയാളം തുടങ്ങി നിരവധി ഭാഷകളിലെ പുസ്തകങ്ങളുണ്ടാവും.
വൈവിധ്യമാർന്ന പുസ്തകങ്ങളുടെ ശേഖരവുമായാണ് ഡി.സി ബുക്സ് ഇക്കുറി എത്തുന്നത്.
ലക്കി ഡ്രോ മത്സരങ്ങളും കുട്ടികൾക്കായി ചിത്രരചന മത്സരങ്ങളും പുസ്തക പ്രകാശനങ്ങളും മേളയോടനുബന്ധിച്ച് ഡി.സി ബുക്സ് സംഘടിപ്പിച്ചിട്ടുണ്ട്.
വിജയികൾക്ക് പുസ്തക മേളയിൽ 10 ശതമാനം വിലക്കുറവിൽ പുസ്തകങ്ങൾ ലഭിക്കും.
നാലു മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പങ്കെടുക്കാൻ അവസരമുള്ളത്.
തുനീഷ്യയാണ് ഇത്തവണത്തെ അതിഥി രാജ്യം. കല, വായന, എഴുത്ത്, ആനുകാലിക പ്രസിദ്ധീകരണം, പുസ്തക പ്രസിദ്ധീകരണം, വിവർത്തനം എന്നീ മേഖലകളെ ഉൾക്കൊള്ളുന്ന നിരവധി സാംസ്കാരിക പരിപാടികൾ, സംഭാഷണ വേദികൾ, സംവേദനാത്മക പ്രഭാഷണങ്ങൾ, ശിൽപശാലകൾ എന്നീ പരിപാടികളുണ്ടാകും. ഇതാദ്യമായാണ് റിയാദ് പുസ്തകോത്സവത്തിൽ ഇത്രയധികം മലയാളി പ്രസാധകർ. ഇവർക്ക് ഒന്നിലേറെ സ്റ്റാളുകളുണ്ടാവും.
പ്രശസ്ത എഴുത്തുകാരായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവും എൻ.പി. ഹാഫിസ് മുഹമ്മദും മുൻ മന്ത്രി എം.കെ. മുനീർ എം.എൽ.എയും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും
അതിഥികളായി എത്തും.