ബഹ്‌റൈൻ മെട്രോയുടെ ഒന്നാം ഘട്ട പദ്ധതി നിർമിക്കാനുള്ള ടെൻഡർ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന് ലഭിച്ചു. 20 സ്റ്റേഷനുകളുള്ള മെട്രോയുടെ നിർമ്മാണം ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. ഇത് കണക്കിലെടുത്ത് ഡിഎംആർസി,ബിഇഎംഎൽ ലിമിറ്റഡുമായി ഒരു ധാരണാപത്രം ഒപ്പുവച്ചു. കരാർ പ്രകാരം, റോളിംഗ് സ്റ്റോക്ക് നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ബിഇഎംഎൽ സഹായിക്കുന്നതായിരിക്കും. കൂടാതെ പദ്ധതി വികസനം, ബജറ്റിംഗ് എന്നീ മേഖലകളിൽ വൈദഗ്ധ്യം നൽകുന്നതിനും ബഹ്‌റൈൻ മെട്രോ പദ്ധതിയുടെ കരാർ ബാധ്യതകളിൽ പ്രവർത്തിക്കുന്നതിനും ഡിഎംആർസി സഹായിക്കും. 2 ബില്യൺ ഡോളറിനാണ് കരാർ ഒപ്പുവെച്ചിരിക്കുന്നത്. പദ്ധതി പ്രകാരം ബഹ്‌റൈൻ മെട്രോയ്ക്കായി രണ്ട് ഘട്ടങ്ങളിലായി നാല് മെട്രോ ലൈനുകൾ ഡിഎംആർസി നിർമ്മിക്കും. ബാബ് അൽ ബഹ്‌റൈനിലും അൽ ഫാറൂഖ് മെട്രോ ജംഗ്ഷനിലും രണ്ട് ഇന്റർചേഞ്ചുകളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഡിഎംആർസിയുടെ കണക്കനുസരിച്ച് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സീഫ് മാളിലേക്കാണ് ആദ്യ മെട്രോ പാത ആരംഭിക്കുന്നത്. കിംഗ് ഫൈസൽ ഹൈവേയിലൂടെയും എയർപോർട്ട് അവന്യൂവിലൂടെയും ഇത് കടന്നുപോകും. ഇതിന് 9 സ്റ്റേഷനുകളും 13 കിലോമീറ്റർ നീളവും ഉണ്ടാകും.