ഉസ്ബകിസ്ഥാനിൽ ഇന്ത്യൻ നിർമ്മിത മരുന്ന് കഴിച്ച കുട്ടികൾ മരിച്ചുവെന്ന റിപ്പോർട്ടിന് പിന്നാലെ മരുന്ന് നിർമ്മാണ യൂണിറ്റ് അടച്ചിടാൻ നിർദേശം. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെക്കിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഈ പരിശോധനയുടെ ഫലം കിട്ടും വരെ യൂണിറ്റ് അടച്ചിടാനാണ് കേന്ദ്രം നിർദേശം നൽകിയത്.
വിദേശകാര്യ മന്ത്രാലയം ഉസ്ബക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് റിപ്പോർട്ടിൻറെ കൂടുതൽ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. മരുന്ന് നിർമ്മാണ കമ്പനിയുടെ ഉസ്ബകിസ്ഥാനിലെ പ്രതിനിധികൾക്കെതിരെ കേസെടുത്തതായാണ് സൂചന ഇവർക്ക് ആവശ്യമായ നിയമ സഹായം സർക്കാർ നൽകും. ഡിജിസിഐ നടത്തുന്ന അന്വേഷണങ്ങളുടെ കണ്ടെത്തലിൻറെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ.ഇന്ത്യയിൽ ഉൽപ്പാദിപ്പിച്ച ഡോക് വൺ മാക്സ് സിറപ്പിനെതിരെയാണ് പരാതി ഉയർന്നത്. ഈ മരുന്ന് കഴിച്ച18 കുട്ടികൾ പാർശ്വഫലങ്ങളെ തുടർന്ന് മരിച്ചെന്നാണ് റിപ്പോർട്ട്. എഥിലിൻ ഗ്ലൈസോൾ എന്ന അപകടകരമായ രാസപദാർത്ഥം മരുന്നിൽ കണ്ടെത്തിയതായും ഉസ്ബെക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തിൽ ലോകാരോഗ്യ സംഘടനയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.