നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗം മരിച്ചു. സംസ്ഥാന സൈക്കിള്‍ പോളോ ടീമില്‍ അംഗമായ ദേശീയ താരം നിദ ഫാത്തിമ (10)യാണ് മരിച്ചത്. ആലപ്പുഴ അമ്പലപ്പുഴ കക്കഴം സ്വദേശിനിയാണ്. നാഷനൽ സബ് ജൂനിയർ സൈക്കിൾ പോളോയിൽ പങ്കെടുക്കാനായി ഡിസംബർ 20നാണ് നിദ റാത്തിമ നാഗ്പൂരിലെത്തിയത്.ഇന്നലെ രാത്രി ഛർദ്ദിച്ച് കുഴഞ്ഞു വീണ ഫാത്തിമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നു രാവിലെയായിരുന്നു മരണം. കേരള സൈക്കിൾ പോളോ അസോസിയേഷൻ അണ്ടർ–14 താരമാണ് നിദ ഫാത്തിമ. കോടതി ഉത്തരവിലൂടെയാണ് നിദ മത്സരത്തിന് എത്തിയത്. ഫെഡറേഷൻ മത്സരാർത്ഥികൾക്കായി വേണ്ട സൗകര്യങ്ങൾ ഒരുക്കിയിരുന്നില്ലെന്നും ആരോപണമുണ്ട്.ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനെത്തിയ നിദയടക്കമുള്ള കേരള താരങ്ങൾ നേരിട്ടത് കടുത്ത അനീതിയാണെന്നാണ് വിവരം.സംസ്ഥാനത്ത് നിന്ന് കോടതി ഉത്തരവിലൂടെയാണ് നിദയുൾപ്പെട്ട സംഘം മത്സരത്തിനെത്തിയത്. എന്നാൽ ഇവർക്ക് താമസ, ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷൻ നൽകിയില്ല.രണ്ട് ദിവസം മുൻപ് നാഗ്പൂരിൽ എത്തിയ ടീം താത്കാലിക സൗകര്യങ്ങളിലാണ് കഴിഞ്ഞത്. മത്സരിക്കാൻ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റ് സൗകര്യങ്ങൾ നൽകില്ലെന്നും ഫെഡറേഷൻ പറഞ്ഞിരുന്നു.