ബഹ്‌റൈൻ പ്രതിഭ നാടക മേളക്ക് ജനുവരി 13 ന് സമാജം ഡയമണ്ട് ജുബിലി ഹാളിൽ തിരശ്ശീല ഉയരും

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ പ്രതിഭ നാടക മേളക്ക് ജനുവരി 13 ന് സമാജം ഡയമണ്ട് ജുബിലി ഹാളിൽ തിരശ്ശീല ഉയരും

ബഹ്‌റൈൻ പ്രതിഭ നാടക മേളക്ക് ജനുവരി 13 ന് സമാജം ഡയമണ്ട് ജുബിലി ഹാളിൽ തിരശ്ശീല ഉയരും


1986 മുതലാണ് പ്രതിഭ അതിന്റെ നാടക സംരഭം ആരംഭിച്ചത്. പ്രവാസികളായ കലാ പ്രേമികളെ ഒത്തൊരുമിപ്പിക്കുക എന്ന മഹത്തായ സന്ദേശമാണ് പ്രതിഭ ഓരോ നാടക അവതരത്തിലൂടെയും പൂർത്തീകരിക്കാൻ ശ്രമിക്കുന്നത്. ഒപ്പം സംഘടനാപരമായ കെട്ടുറുപ്പും പ്രതിഭ ഇതിലൂടെ നേടിയെടുക്കുകയാണ്. നാടകക്കാലം പ്രതിഭക്കുള്ളിൽ ഉത്സവ ആഘോഷം തന്നെയാണ്. ” പതനം ” എന്ന ആദ്യ നാടകം മുതൽ കെട്ടിലും മട്ടിലും ആശയത്തിലും വ്യത്യസ്തതയുള്ള പതിനഞ്ച് നാടകങ്ങൾ ആണ് പൊതു സമൂഹത്തിന് മുമ്പിൽ പ്രതിഭ കാഴ്ച വെച്ചത്.
2014 ൽ 48 ദിവസം നീണ്ടു നിന്ന നാടകക്യാമ്പിലൂടെ പ്രവാസ മലയാള നാടക ലോകത്ത് വലിയ പരിവർത്തനം നടത്താൻ പ്രതിഭക്ക് സാധിച്ചു. അന്നും ആ നാടക ക്യാമ്പിന് നേതൃത്വം നൽകിയത് ഡോ: സാംകുട്ടി പട്ടം കരിയാണ്. തുടർന്ന് 2017 ജനുവരിയിൽ പ്രതിഭ ഒരു ദിനം നീണ്ടു നിന്ന 6 നാടകങ്ങളുടെ നാടക മേള നടത്തുകയുണ്ടായി. ഇതാവട്ടെ GCC രാജ്യങ്ങളിൽ നൂതനമായ ആശയവും നിർവ്വഹണവുമായിരുന്നു. ഇതേ തുടർന്ന് 2021 ൽ മഹാമാരിക്കാലത്ത് കൂട്ടം തെറ്റി നിന്ന മനുഷ്യരെ ഒന്നിപ്പിക്കുക എന്ന ദൗത്യം ഏറ്റെടുത്ത് രണ്ട് ദിനം നീണ്ടു നിന്ന പ്രതിഭ യൂനിറ്റുകൾ അവതരിപ്പിച്ച 19 നാടകങ്ങൾ അരങ്ങേറുകയുണ്ടായി.നാടകത്തോടും നാടക പ്രവർത്തകരോടുമുള്ള ബഹ്‌റൈൻ പ്രതിഭയുടെ എക്കാലവുമുള്ള ഐക്യപ്പെടലിന്റെയും പിന്തുണയുടെയും ഭാഗമാണ്.2021 ൽ ആരംഭിച്ച അന്തർദേശീയ പ്രതിഭ നാടക രചനാ അവാർഡ് പ്രവാസികളായ മുഴുവൻ മനുഷ്യരെയും പ്രതിഭയിലേക്ക് അടുപ്പിക്കുക എന്ന ഉദേശത്തോടെ സാംസ്ക്കാരിക സാഹിത്യ കലാ സംഗമം നടത്താൻ പ്രതിഭ തീരുമാനിക്കുകയുണ്ടായി. കേരളീയ അറബ് കലാ സാംസ്ക്കാരിക വിനിമയം എന്ന ആശയത്തിൽ ഊന്നിയ പാലം – The Bridge 2022 എന്ന പരിപാടി നവംബർ 3 ന് കേരള തദ്ദേശ സഹകരണ വകുപ്പ് മന്ത്രി ശ്രീ : എം.ബി. രാജേഷ് കേരളീയ സമാജ ത്തിൽ ഉത്ഘാടനം ചെയ്യുകയുണ്ടായി. രണ്ട് ദിനം നീണ്ട് നിന്ന ആ പരിപാടി ആവട്ടെ അതിന്റെ കെട്ടിലും മട്ടിലും ബഹ്റൈനിൽ ആദ്യത്തേതായിരുന്നു എന്ന് ആ പരിപാടിയിലേക്ക് ഒഴുകിയെത്തിയ ആയിരകണക്കായ ജനം വിളംബരം ചെയ്യുകയുണ്ടായി. ഇതിന്റെ തുടർച്ച എന്ന നിലയിലും ബഹ്റൈൻ ദേശീയ ദിനത്തോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടും ഡിസംബർ 16 മുതൽ 18 വരെ രക്തദാനവും സാഹിത്യ ക്യാമ്പും നടക്കുകയുണ്ടായി. പ്രസിദ്ധ സാഹത്യകാരൻമാരായ എസ്.ഹരീഷ്, രാജേന്ദ്രൻ എടത്തുംകര, ഡോ: പി.പി.പ്രകാശൻ ,ഡോ: ഖദീജ മുംതാസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകുകയുണ്ടായി. തികച്ചും വ്യത്യസ്തവും പ്രയോജനപ്രദവുമായ സാഹിത്യ ക്യാമ്പ് എന്നാണ് നേരത്തെ പേരുകൾ റജിസ്ടർ ചെയ്ത് പങ്കെടുത്ത മുഴുവൻ അംഗങ്ങളും ഒന്നടങ്കം അഭിപ്രായപ്പെട്ടത്. സപ്തംബറിൽ പ്രഖ്യാപിച്ച പരിപാടികളുടെ കൊട്ടിക്കലാശമാണ് ജനുവരി 13 വെള്ളിയാഴ്ച സമാജം ഡയമണ്ട് ജുബിലി ഹാളിൽ രാവിലെ 10 മണി മുതൽ തിരശ്ശീല ഉയരാൻ പോകുന്ന രണ്ട് മണിക്കൂർ വീതം ദൈർഘ്യമുള്ള നാല് നാടകങ്ങൾ. ഈ നാല് നാടകങ്ങളുടെയും രചന സംവിധാനം ഡിസൈനിംഗ് , ലൈറ്റിംഗ് , മ്യൂസിക് , എന്നിവ നിർവ്വഹിക്കുന്നത് ഡോ: സാംകുട്ടി പട്ടംകരിയെന്ന ഇന്ത്യയിലെ അറിയപ്പെടുന്ന നാടക പ്രവർത്തകനാണ്. ഒരാളുടെ തന്നെ നാല് നാടകങ്ങൾ ഒരൊറ്റ ദിനം തുടർച്ചയായി അവതരിപ്പിക്കപ്പെടുക എന്നതാണ് ജി.സി.സി യിലെയും ഒരു പക്ഷെ ഏഷ്യയിലെ തന്നെ ആദ്യ സംരഭമാണെന്ന് വിശ്വസിക്കുന്നു.

പ്രതിഭ കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശ ഉപദേശാനുസരണം പ്രമേയം കൊണ്ടും, അവതരണം കൊണ്ടും വ്യത്യസ്തമായ ഈ നാല് നാടകങ്ങളും അവതരിപ്പിക്കുന്നത് പ്രതിഭയുടെ വിവിധ മേഖലകളാണ്.മുഹറഖ് മേഖല അവതരിപ്പിക്കുന്ന നാടകമാണ് സുഗന്ധ .വിശ്രുത മലയാള ചിത്രകാരൻ രാജാ രവിവർമ്മയുടെ കലാജീവിതം ആസ്പദമാക്കിയ ഈ നാടകം അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് – മോഡലായ സുഗന്ദയുടെ ജീവിതം അനാവരണം ചെയ്യുകയാണ്. കലയുടെയും, രതിയുടെയും , മോഹത്തിന്റെയും മോഹഭംഗങ്ങളുടെയും അതി തീവ്ര അനുഭവമായിരിക്കും മുഹറഖ് മേഖലയുടെ സുഗന്ദ എന്ന നാടകം.മനാമ മേഖല അവതരിപ്പിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ  റിയലിസ്റ്റിക് കഥാപാത്രങ്ങളുടെ അരങ്ങേറ്റവുമായി “ഹലിയോഹലി ……ഹുലാലോ” കേശവൻ നായരും സാറാമ്മയും , സൈനബയും, കൃഷ്ണകുമാരിയും, മണ്ടൻ മുത്താപ്പയും , പൊൻ കുരിശ് തോമയും , ഒറ്റക്കണ്ണൻ പോക്കറും, എട്ടുകാലി മമ്മൂഞ്ഞും തുടങ്ങി ബഷീർ സൃഷ്ടിച്ച മുഴുവൻ കഥാപാത്രങ്ങളും അരങ്ങിൽ വരുമ്പോൾ ചിരിക്കാൻ മറന്ന് പോയ സമീപകാല നാടക വേദിക്ക് കുറിക്ക് കൊള്ളുന്ന ആക്ഷേപ ഹാസ്യത്തിലൂടെ അതിന് സാധിക്കുന്നതാണ് ഹലിയോ ഹലി …… ഹുലാലോ…എന്ന നാടക൦
സൽമാബാദ് മേഖല അവതരിപ്പിക്കുന്ന നാടകമാണ് “പ്രിയ ചെ” .ബോളീവിയൻ വിപ്ലവത്തിന്റെ അവസാന കാലത്തെ ചെ ഗുവേരയുടെ ജീവിതം അനാവരണം ചെയ്യുകയാണ് ” പ്രിയ ചെ” എന്ന ഈ നാടകം. അമേരിക്കൻ പട്ടാളം ഇല്ലാതാക്കി കളഞ്ഞ ആ ധീര വിപ്ലവകാരിയുടെ ജീവിതവും സ്വപ്നങ്ങളും , യാഥാർത്ഥ്യവും അതിന്റെ അവസാന ഏടുകളിലുടെ അവതരിപ്പിക്കപ്പെടുന്ന “പ്രിയചെ” ഉദ്വേഗത്തോടെ അല്ലാതെ കണ്ടിരിക്കാൻ കഴിയില്ല എന്നുറപ്പാണ്.റിഫ മേഖല അവതരിപ്പിക്കുന്ന നാടകമാണ് അയന കാണ്ഡം, മഹാഭാരത കഥയാണ് ഇതിന്റെ ഇതിവൃത്തം. പാണ്ഡവരുടെ യാത്രയിൽ ഒടുക്കത്തിലാവുകയും വീണു പോവുകയും ചെയ്യുന്ന ദ്രൗപദിക്കരികിലേക്ക് തന്റെ മാത്രം മോക്ഷം എന്ന കേവല മർത്യ സ്വാർത്ഥത വെടിഞ്ഞ് തിരികെ നടക്കുന്ന ഭീമസേനൻ … “ഭീമ നീ ” എന്ന ദ്രൗപദിയുടെ ഒച്ചയില്ലാത്ത നിലവിളി മാത്രം മതി പാണ്ഡവരിൽ തിരിച്ചറിയപ്പെടാതെ പോയ ഭീമനെ മനസ്സിലാക്കാൻ.ഇത് സാംകുട്ടി പട്ടം കരിയെന്ന ഭാവനാശാലിയായ നാടക കൃത്ത് തന്റെ ജീവിതം കൊണ്ട് കണ്ട മഹാഭാരതത്തിലെ ഭീമനാണ്. ഭീമനായിട്ടും സകല ദിക്കിൽ നിന്നും നിസ്സാരവത്ക്കരിക്കപ്പെട്ട മനുഷ്യന്റെ ആത്മവ്യഥ . ഹിഡിംബിയിലുണ്ടായ ഘടോൽകചൻ എന്ന മകൻ ” ഇതേ വരെ ഞാൻ കാണാത്ത എന്റെ അച്ഛാ ഇതാണ് എനിക്ക് നിങ്ങൾക്ക് നൽകാനുള്ള വിലപ്പെട്ട സമ്മാനം എന്ന് പറഞ്ഞ് തന്റെ ഹൃദയം പറിച്ച് ആ കൈകളിൽ വെക്കുമ്പോൾ അത്യുച്ചത്തിൽ അലറി വിളിച്ചു പോകുന്ന ഭീമൻ നമ്മളെ വല്ലാതെ നടുക്കി കളയും.
നാടക വിദ്യാർത്ഥികൾക്കും പ്രവർത്തകർക്കും എറെ പഠിക്കാനും ആവേശം കൊള്ളാനും ഉപകരിക്കുന്ന ഈ നാല് നാടകങ്ങളും കാണാൻ നാടാക ആസ്വാദകരായ മുഴുവൻ പേരെയും പ്രതിഭ ക്ഷണിക്കുകയാണ്. പ്രവേശനം തികച്ചും സൗജന്യമാണ്. 10 മുതൽ 11 വരെ ഓഡിറ്റോറിയത്തിൽ എത്തപ്പെടുന്നവർക്ക് സൗജന്യമായി ഉച്ച ഭക്ഷണം നൽകാനുള്ള ഏർപ്പാടുകൾ പ്രതിഭയുടെ നാടക സംഘാടക സമിതി നടപ്പിലാക്കുന്നുണ്ട്. രണ്ടായിരം വന്ന കാണികളെയാണ് രാവിലെ 10 മണിക്ക് ആരംഭിച്ച് രാത്രി 10 മണിക്ക് അവസാനിക്കുന്ന നാടകം കാണാൻ എത്തിച്ചേരുമെന്ന് . പ്രതിഭ പ്രതീക്ഷിക്കുന്നത്.

പി. ശ്രീജിത് – (ചെയർമാൻ നാടക സംഘാടക സമിതി), ഷെറീഫ് കോഴിക്കോട് (ജനറൽ കൺവീനർ നാടക സംഘാടക സമിതി) , പ്രദീപ് പതേരി (പ്രതിഭ ജനറൽ സെക്രട്ടറി), അഡ്വ:ജോയ് വെട്ടിയാടൻ (പ്രസിഡണ്ട് ). എ.വി.അശോകൻ (കൺവീനർ മീഡിയ പബ്ലിസിറ്റി), മഹേഷ് യോഗി ദാസ് -(കൺവീനർ ഫിനാൻസ് കമ്മിറ്റി) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave A Comment