ഖുർആൻ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുന്നതിന് പ്രവാസി വിദ്യാർഥികളെയും യുവജനങ്ങളെയും ലക്ഷ്യം വെച്ച് രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ തലത്തിൽ സംഘടിപ്പിക്കുന്ന തർതീൽ-ഹോളി ഖുർആൻ മത്സര പരിപാടികളുടെ ബഹ്‌റൈൻ തല രജിസ്‌ട്രേഷൻ ആരംഭിച്ചു.
ഖുർആൻ വാർഷിക മാസമായ വിശുദ്ധ റമളാനോടനുബന്ധിച്ച് നടത്തിവരുന്ന തർതീലിന്റെ ആറാമത് പതിപ്പാണ് ഈ വർഷം നടക്കുന്നത്. പാരായണം മുതൽ ഗവേഷണം വരെ പ്രത്യേക പാരമ്പര്യവും നിയമങ്ങളുമുള്ള ഖുർആൻ വിജ്ഞാനീയങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുകയും ഈ മേഖലയിലേക്ക് പുതുതലമുറയെ വളർത്തിക്കൊണ്ടുവരികയുമാണ് തർതീൽ ലക്ഷ്യമാക്കുന്നത് .
ഫെബ്രുവരി 10 മുതൽ പ്രാദേശിക യൂനിറ്റുകളിൽ നടക്കുന്ന സ്ക്രീനിങ് പരിപാടികളോടെ തുടക്കം കുറിച്ച ‘തർതീൽ’ സെക്ടർ, സോൺ മൽസരങ്ങൾക്ക് ശേഷം ഏപ്രിൽ 7ന് നാഷനൽ മൽസരത്തോടെ സമാപിക്കും. ഓരോ തലത്തിലും വിജയിക്കുന്ന പ്രതിഭകളാണ് തൊട്ടുമേൽഘടകത്തിൽ മാറ്റുരക്കുക. കിഡ്സ്, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി തിലാവത് (പാരായണം), ഹിഫ്ള് (മനഃപാഠം), കഥപറയൽ, ഖുർആൻ സെമിനാർ, ഖുർആൻ ക്വിസ്, രിഹാബുൽ ഖുർആൻ, മുബാഹസ എന്നിവയാണ് പ്രധാന മൽസര ഇനങ്ങൾ.കൂടാതെ നാഷനൽ മൽസരങ്ങളുടെ ഭാഗമായി ഖുർആൻ എക്സ്പോയും ഒരുക്കുന്നുണ്ട്. സോൺ തലങ്ങളിൽ ഖുർആൻ സെമിനാറും സംഘടിപ്പിക്കുന്നുണ്ട് .തർതീൽ മത്സരങ്ങളുടെ ഭാഗമാകാൻ താല്പര്യപ്പെടുന്നവർ 33706447, 32135951 എന്നീ നമ്പറുകളിൽ ബന്ധപെടണം .
ബഹ്‌റൈൻ നാഷനൽ തർതീൽ പ്രഖ്യാപനം ഐ സി എഫ് നാഷനൽ പ്രസിഡന്റ് സൈനുദ്ധീൻ സഖാഫി നിർവഹിച്ചു . അഡ്വക്കേറ്റ് ഷബീർ ( ആർ എസ് സി ഗ്ലോബൽ എക്സി അംഗം ) മുനീർ സഖാഫി ( നാഷനൽ ചെയർമാൻ ) അഷ്‌റഫ് മങ്കര ( നാഷനൽ ജനറൽ സെക്രട്ടറി ) റഷീദ് തെന്നല ( നാഷനൽ കലാലയം സെക്രട്ടറി ) അബ്ദുല്ല ഹാജി (വൺ ടു ത്രീ ഫാഷൻ എം ഡി ) തുടങ്ങിയവർ സംബന്ധിച്ചു