തിരുവാഭരണ ഘോഷയാത്രാ ഇന്ന് ശബരിമലയിൽ എത്തും; മകരവിളക്ക് ശനിയാഴ്ച

  • Home-FINAL
  • Business & Strategy
  • തിരുവാഭരണ ഘോഷയാത്രാ ഇന്ന് ശബരിമലയിൽ എത്തും; മകരവിളക്ക് ശനിയാഴ്ച

തിരുവാഭരണ ഘോഷയാത്രാ ഇന്ന് ശബരിമലയിൽ എത്തും; മകരവിളക്ക് ശനിയാഴ്ച


ശബരിമലയിൽ അയ്യപ്പദർശനത്തിനെത്തിയ ഭക്തജന ലക്ഷങ്ങൾക്ക് ഇരട്ടി സായൂജ്യമേകി ജനുവരി 14ന് ശനിയാഴ്ച പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയും. പന്തളം കൊട്ടാരത്തിൽനിന്നുള്ള തിരുവാഭരണങ്ങൾ അണിയിച്ചുള്ള ദീപാരാധനയും വിശേഷാൽ മകരസംക്രമ പൂജയും ശനിയാഴ്ചയാണ്.
തിരുവാഭരണ ഘോഷയാത്രാ സംഘത്തെ വൈകീട്ട് 5.30ന് ശരംകുത്തിയിൽവെച്ച് ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. തിരുവാഭരണപ്പെട്ടി കൊടിമര ചുവട്ടിൽവെച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. കെ. അനന്തഗോപൻ, ബോർഡ് മെമ്പർ അഡ്വ. എം.എസ് ജീവൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിക്കും. തുടർന്ന് ശ്രീകോവിലിലേക്ക് ആചാരപൂർവം ആനയിക്കും.
തിരുവാഭരണങ്ങൾ അണിയിച്ചുകൊണ്ടുള്ള ദീപാരാധന വൈകിട്ട് 6.30 നാണ്. തുടർന്നാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുക. രാത്രി 8.45നാണ് ഏറ്റവും വിശേഷപ്പെട്ട മകര സംക്രമ പൂജ. തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്ന് പ്രത്യേക ദൂതൻമാരുടെ കൈകളിൽ കൊടുത്ത് വിടുന്ന നെയ്യ് കൊണ്ടുള്ള അഭിഷേകം പൂജയുടെ മധ്യത്തിൽ ഉണ്ടാകും. തുടർന്ന് തിരുവാഭരണങ്ങൾ അണിഞ്ഞുള്ള ദർശനം നടക്കും.
ശനിയാഴ്ച ഉച്ച 12 മണി വരെ മാത്രമായിരിക്കും ഭക്തർക്ക് ശബരിമല സന്നിധാനത്തേക്ക് പ്രവേശനം. മകരജ്യോതി ദർശനത്തിനായി സന്നിധാനത്തും പരിസരത്തുമായി ലക്ഷക്കണക്കിന് ഭക്തരാണ് തമ്പടിച്ചിരിക്കുന്നത്. ജ്യോതി ദർശനത്തിനുള്ള എല്ലാ പോയിന്റുകളിലും ശക്തമായ സുരക്ഷയൊരുക്കിയിട്ടുണ്ട്.

 

Leave A Comment