കൊച്ചി: യൂട്യൂബ് ചാനല്‍ അവതാരകയോട് അസഭ്യം പറഞ്ഞെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. മരട് പൊലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ശ്രീനാഥ് ഭാസിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം.
കഴിഞ്ഞ 22-ാം തീയതിയാണ് ശ്രീനാഥ് ഭാസിക്കെതിരെ പോലീസില്‍ പരാതി ലഭിക്കുന്നത്. കൊച്ചിയില്‍ ‘ചട്ടമ്പി’ എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെ മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നത്. കൊച്ചിയിലെ ഹോട്ടലില്‍ നടന്ന അഭിമുഖത്തിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമായേക്കും. സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറിയെന്നാണ് മാധ്യമ പ്രവര്‍ത്തകയുടെ പരാതി. പരാതിക്കാരിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ താന്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച് സംസാരിച്ചിട്ടില്ലെന്നും അസഭ്യം പറഞ്ഞിട്ടില്ലെന്നുമാണ് ശ്രീനാഥ് ഭാസിയുടെ പ്രതികരണം. അതിനിടെ ഒരു റേഡിയോ അഭിമുഖത്തിനിടെ നടന്‍ ശ്രീനാഥ് ഭാസി അവതാരകനോട് മോശമായി പെരുമാറുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ പത്ത് മണിക്ക് മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ശ്രീനാഥ് ഭാസിക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നടന്‍ സാവകാശം തേടിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ മാറ്റിവെച്ചിരുന്നു. അതിനിടെയാണ് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തത്.