ബഹ്റൈനിൽ വാറ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം നാഷനല്‍ റവന്യൂ ബ്യൂറോ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് നടത്തിയ 3000 പരിശോധനകളിൽ നിന്ന് 1700ഓളം മൂല്യ വർധിത നികുതി നിയമലംഘനങ്ങള്‍ കണ്ടെത്തി . വാറ്റ് ആന്‍ഡ് എക്സൈസ് നിയമമനുസരിച്ച് നിയമലംഘനങ്ങളില്‍ പിഴ ചുമത്തുകയും നികുതി വെട്ടിപ്പ് നടത്തിയെന്ന സംശയത്തില്‍ നിരവധി സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തു. വാറ്റ് നിയമലംഘനത്തിന് അഞ്ചുവര്‍ഷം തടവും നികുതി വെട്ടിപ്പ് നടത്തിയ തുകയുടെ മൂന്നിരട്ടി പിഴയുമാണ് ശിക്ഷ നല്‍കുന്നത്. ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിനും പ്രാദേശിക വിപണിയില്‍ സുതാര്യത ഉറപ്പ് വരുത്തുന്നതിനുമാണ് തുടര്‍ച്ചയായി പരിശോധനകള്‍ നടത്തിവരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. നികുതിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും പരാതി നല്‍കുന്നതിനും 80008001 എന്ന എന്‍.ബി.ആര്‍ കാള്‍ സെന്റര്‍ നമ്ബറില്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.