ബഹ്‌റൈൻ മീഡിയ സിറ്റി പുതിയ ഒരു ജീവകാരുണ്യ പദ്ധതിക്ക് തുടക്കമിടുന്നു. “പ്രൊട്ടക്ട്-എ-ഫാമിലി” എന്ന പദ്ധതിയുടെ ഉദ്ഘാടന കർമ്മം ജൂലൈ മാസം നാലാം തീയതി വൈകിട്ട് 7.30 -ന് റ്റുബ്ലി -യിലുള്ള മർമ്മറിസ് ഹാളിൽ വച്ച് നടത്തപ്പെടും. അതോടൊപ്പം ബിഎംസി ഫ്രണ്ട്ഷിപ്പ് ബാൻക്വറ്റ് -ഉം സംഘടിപ്പിക്കുമെന്ന് ബിഎംസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു.
ബിഎംസി ഫ്രണ്ട്ഷിപ്പ് ബാൻക്വറ്റ് -ൽ, പ്രത്യേക ക്ഷണക്കത്തിലൂടെ പങ്കെടുക്കുന്ന എല്ലാവർക്കും ബിഎംസി -യുടെ “പ്രൊട്ടക്ട്-എ-ഫാമിലി – ഗിഫ്റ്റ് വൗച്ചർ” നൽകപ്പെടും. പ്രസ്തുത ഗിഫ്റ്റ് വൗച്ചർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, അസോസിയേഷൻ അംഗങ്ങൾ, സ്ഥാപനത്തിലെ ജീവനക്കാർ, സമൂഹത്തിലെ താഴ്ന്ന വരുമാനക്കാർ, തുടങ്ങിയവർക്ക് സമ്മാനിക്കാം. അപ്രകാരം ലഭിക്കുന്ന ഗിഫ്റ്റ് വൗച്ചർ ഉപയോഗിച്ച്, ബിഎംസിയുടെ ഫിറ്റ്നസ് ലോഞ്ചിൽ അംഗമായിക്കൊണ്ട്, ബിഎംസിയുടെ സാമൂഹിക ക്ഷേമ സുരക്ഷാ പദ്ധതിയിലെ ഒരു വർഷത്തേക്കുള്ള ഡിജിറ്റൽ ഡിസ്കൗണ്ട് കാർഡ്, ഒരു വർഷത്തേക്കുള്ള 10,000 ദീനാറിന്റെ ലൈഫ് കവർ പ്രൊട്ടക്ഷൻ പ്ലാൻ, ഒരു മാസത്തേക്കുള്ള ഫിറ്റ്നസ് ക്ലാസ് എന്നിവ ലഭ്യമാകും. അതിലൂടെ അംഗങ്ങളുടെ സാമ്പത്തിക, മാനസിക, ശാരീരിക പ്രശ്നങ്ങൾക്ക് ഒരു കൈത്താങ്ങ് ആവുക എന്നതാണ് ബിഎംസി -യുടെ പുതിയ ജീവകാരുണ്യ പദ്ധതി.
ഉദ്ഘാടന പരിപാടിയുടെ വിജയകരമായ നടത്തിപ്പിനു വേണ്ടി ബഹ്‌റൈനിൽ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തക കാത്തു സച്ചിൻ ദേവ് ചെയർപേഴ്സണായി 51 -അംഗ സംഘാടകസമിതി നിലവിൽ വന്നു. മനോജ് വടകര വൈസ് ചെയർമാൻ, സുനിൽ ബാബു ജനറൽ കൺവീനർ, ബിജു കൂരോപ്പട ഇവൻറ് കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിക്കും. കഴിഞ്ഞദിവസം ബിഎംസി ഹാളിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ വച്ച് പദ്ധതിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. കൂടുതൽ വിവരങ്ങൾക്ക് സംഘാടകസമിതി അംഗങ്ങളെയോ, 38096845 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
