കേരള ധവളപത്രം: കഴിഞ്ഞ 10 വർഷത്തെ സാമ്പത്തിക കെടുകാര്യസ്ഥത പുറത്തുകൊണ്ടുവന്നെന്ന്‌ മുഖ്യമന്ത്രി

  • Home-FINAL
  • Business & Strategy
  • കേരള ധവളപത്രം: കഴിഞ്ഞ 10 വർഷത്തെ സാമ്പത്തിക കെടുകാര്യസ്ഥത പുറത്തുകൊണ്ടുവന്നെന്ന്‌ മുഖ്യമന്ത്രി

കേരള ധവളപത്രം: കഴിഞ്ഞ 10 വർഷത്തെ സാമ്പത്തിക കെടുകാര്യസ്ഥത പുറത്തുകൊണ്ടുവന്നെന്ന്‌ മുഖ്യമന്ത്രി


തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ നേർക്കാഴ്ചയായ ധവളപത്രം കേവലം ഒരു രാഷ്ട്രീയ രേഖയല്ലെന്നും മറിച്ച് കഴിഞ്ഞ പത്ത് വർഷത്തെ ഇടത് സർക്കാരിന്റെ ധനദുർവിനിയോഗത്തിന്റെ ‘കണ്ണാടി’യാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ട്രഷറിയിൽ 6000 കോടി രൂപ ബാക്കി വെച്ചിട്ടാണ് പോയതെന്ന പ്രചാരണം പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രി സഭയിൽ തുറന്നടിച്ചു. മെയ് 16-ന് പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ ട്രഷറിയിൽ വെറും 2000 കോടി രൂപ മാത്രമാണ് ഉണ്ടായിരുന്നത്. ഐജിഎസ്ടി ഗ്രാന്റും മറ്റ് കേന്ദ്ര വിഹിതങ്ങളും ചേർത്ത് പലപ്പോഴായി പണം വരുമെങ്കിലും, സർക്കാർ നൽകാനുള്ള അടിയന്തര ബാധ്യതകൾ നിലനിൽക്കെ 6000 കോടി ഉണ്ടെന്ന് പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണെന്നും അദ്ദേഹം വ്യക്തമാക്കി.

50,000 രൂപ ശമ്പളമുള്ള ഒരാൾ തന്റെ കടങ്ങളും ബില്ലുകളും വീട്ടാതെ ആ പണം പോക്കറ്റിൽ വെച്ച്, തന്റെ പക്കൽ പണമുണ്ടെന്ന് അവകാശപ്പെടുന്നത് പോലെയാണ് മുൻ സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം പരിഹസിച്ചു. പത്രക്കാരനും പാൽക്കാരനും പലചരക്ക് കടക്കാരനും പണം നൽകാതെ വാതിലടച്ച് അകത്തിരിക്കുന്ന അവസ്ഥയിലാണ് കേരളത്തിന്റെ ഖജനാവിനെ എത്തിച്ചിരിക്കുന്നത്‌. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകേണ്ട മൂന്നാം ഗഡുവായ 1982 കോടി രൂപയും പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് നൽകാനുള്ള 377 കോടി രൂപയും നൽകാൻ കഴിഞ്ഞ സർക്കാർ തയ്യാറായിട്ടില്ല. 6000 കോടി രൂപ ബാക്കിയുണ്ടായിരുന്നുവെങ്കിൽ എന്തുകൊണ്ട് ഈ പാവപ്പെട്ട വിദ്യാർഥികൾക്ക് നൽകേണ്ട തുകയ്ക്ക് ഒന്നാം പരിഗണന നൽകിയില്ല എന്ന ചോദ്യം റിപ്പോർട്ട് ഉയർത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരോഗ്യ-ഭക്ഷ്യ മേഖലകളെയും ഈ സാമ്പത്തിക പ്രതിസന്ധി സാരമായി ബാധിച്ചിട്ടുണ്ട്. മെഡിക്കൽ സർവീസസ് കോർപ്പറേഷന് 476 കോടി രൂപ നൽകാത്തതിനാൽ ടൈപ്പ് വൺ പ്രമേഹബാധിതരായ കുഞ്ഞുങ്ങൾക്ക് ഗുണനിലവാരമുള്ള മരുന്നുകൾ ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. കാരുണ്യ ഇൻഷുറൻസ് പദ്ധതിയിൽ മാത്രം 2017 കോടി രൂപയുടെ ബാധ്യതയാണുള്ളത്.
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും കാര്യത്തിൽ വലിയ വഞ്ചനയാണ് നടന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ജീവനക്കാർക്ക് ഡി.എ. കുടിശ്ശികയിനത്തിൽ 25,000 കോടി രൂപയും പെൻഷൻകാർക്ക് 14,387 കോടി രൂപയും നൽകാനുണ്ട്. ട്രഷറിയിൽ പണമുണ്ടെന്ന് അവകാശപ്പെടുമ്പോഴും ഈ അർഹമായ തുക വിതരണം ചെയ്യാതെ മാറ്റിവെച്ചത് ഭരണപരമായ വലിയ വീഴ്ചയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave A Comment