ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് ആവേശത്തിനിടെ തമിഴ്‌നാട് ഭരണസിരാകേന്ദ്രത്തിൽ അപ്രതീക്ഷിത അഴിച്ചുപണി. ചീഫ് സെക്രട്ടറി എൻ. മുരുഗാനന്ദത്തെ സ്ഥാനത്തുനിന്ന് നീക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ എം. സായ് കുമാറാണ് പുതിയ ചീഫ് സെക്രട്ടറി. ചീഫ് സെക്രട്ടറിക്കു പുറമെ വിജിലൻസ് മേധാവിയെയും മാറ്റിയിട്ടുണ്ട്. മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ സന്ദീപ് മിത്തലിനെ പുതിയ വിജിലൻസ് ഡയറക്ടറായി നിയമിച്ചു. നിലവിലെ ഉദ്യോഗസ്ഥർ ഡി.എം.കെ സർക്കാരിനോട് അനുകൂല നിലപാട് സ്വീകരിക്കുന്നു എന്ന പരാതിയെത്തുടർന്നാണ് നടപടിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം.
പുതിയ നിയമനങ്ങൾക്കെതിരെ ഭരണകക്ഷിയായ ഡി.എം.കെ രംഗത്തെത്തിയിട്ടുണ്ട്. പുതിയ വിജിലൻസ് മേധാവി സന്ദീപ് മിത്തൽ, മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ വിശ്വസ്തനായിരുന്നുവെന്ന ആരോപണമാണ് ഉയരുന്നത്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കെതിരെ കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രതികരിച്ചത്.
“തിരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപിയുടെ കയ്യിലെ ആയുധമായി മാറിയിരിക്കുകയാണ്. തികച്ചും ഏകപക്ഷീയമായ നടപടിയാണിത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എന്തുകൊണ്ടാണ് ഇത്തരം മാറ്റങ്ങൾ ഉണ്ടാകാത്തത്? സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുകയാണ്.” എന്നാണ് സ്‌റ്റാലിൻ്റെ ആരോപണം.

