ചങ്ങരംകുളം (മലപ്പുറം): 14 മില്ല്യണ്‍ കാഴ്ചക്കാരുമായി കേരളം വിട്ടിരിക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഒരു ചിരി വീഡിയോ. പൂക്കി വീഡിയോ എന്ന ടാഗിൽ ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ ദിവസങ്ങള്‍ക്കകം ഷെയര്‍ ചെയ്തത്. ഇതോടെ വീഡിയോയ്ക്കു പിന്നിലാരാണെന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയക്ക് ഒപ്പം മാധ്യമങ്ങളും അന്വേഷണം തുടങ്ങി. ഒടുവില്‍ വൈറല്‍ വീഡിയോയുടെ നിര്‍മാതാവിനെ കണ്ടെത്തി. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് എടക്കര മരംവെട്ടിച്ചാല്‍ സ്വദേശി ജമാലുദീന്റെ മകന് ഫിജിൻ ആയിരുന്നു ആ വൈറല്‍ വീഡിയോയുടെ സ്രഷ്ടാവ്. മൂന്നു വര്‍ഷമായി എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ചാനലില്‍ ജോലി ചെയ്തു വരികയാണ് 23കാരനായ ഫിജിന്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി.ഡി. സതീശനെ കാണാന്‍ തിരുവനന്തപുരത്ത് എത്തിയതായിരുന്നു ഫിജിന്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുന്നതിനിടയിലാണ് പിറകില്‍ നിന്ന ഫിജിന് അപ്രതീക്ഷിതമായി ചോദ്യം ചോദിച്ചത്.
ഇനി മുതല്‍ വാഹനങ്ങള്‍ മോഡിഫിക്കേഷന് ചെയ്യാന്‍ കഴിയുമോ എന്നായിരുന്നു ഫിജിന്റെ ചോദ്യം. ചോദ്യത്തിനു കുട്ടികളോടെന്ന പോലെ വാത്സല്യപൂര്‍വം മുഖ്യമന്ത്രി വി.ഡി. സതീശന് തലയാട്ടി ഒരു ചിരി ചിരിച്ചതാണ് ഫിജിന് പാട്ട് ചേര്‍ത്ത് എഡിറ്റ് ചെയ്ത് ഇവരുടെ ‘നീലക്കുയില്‍’ എന്ന ഇന്‍സ്റ്റ പേജില്‍ ഷെയര്‍ ചെയ്തത്. നിമിഷനേരം കൊണ്ട് വീഡിയോ വൈറലാവുകയായിരുന്നു. ഇവരുടെ വീഡിയോ വിവിധ ഓണ്‍ലൈന്‍ ഫ്ളാറ്റ് ഫോമുകളിലൂടെയും കേരളം മുഴുവന്‍ ഓടിനടന്നു.

